തിരുവനന്തപുരം: കേരളം രാജ്യത്തെ സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റത്തിനാകെ മാതൃകയാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെതിരെ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവരെപ്പോലും കേരളത്തെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും നല്ലത് പറയാൻ നിർബന്ധിതരാക്കുന്നതിന്റെ പേരുകൂടിയാണ് കേരള മോഡലെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം ജില്ലയിൽ നവകേരള സദസ്സ് മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്ന് ചേർന്ന പ്രഭാത യോഗത്തിൽ അരീക്കോട് കേന്ദ്രമായ ‘ഇൻറർവൽ’ എന്ന എഡ് ടെക് സ്റ്റാർട്ട് അപ്പ് കമ്പനിയുടെ പ്രതിനിധി പങ്കെടുത്തിരുന്നു. ഫിൻലാൻഡിലെ ടാലന്റ് ബൂസ്റ്റ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആഗോള സ്റ്റാർട്ടപ്പ് സംഗമത്തിലേക്ക് ഇന്റർവെൽ തെരഞ്ഞെടുക്കപ്പെട്ട വാർത്ത കഴിഞ്ഞ ദിവസമാണ് വന്നത്. അങ്ങനെയൊരു ക്ഷണം ലഭിക്കുന്ന ആദ്യ ഇന്ത്യൻ സ്റ്റാർട്ടപ്പാണ് ഇൻറർവെൽ. വളരെ വലിയ അംഗീകാരമാണ് ഈ സ്റ്റാർട്ടപ്പ് നേടിയിരിക്കുന്നത്. 30 രാജ്യങ്ങളിലായി 25,000 ലധികം വിദ്യാർത്ഥികൾക്കാണ് ഇവർ വിദ്യാഭ്യാസസാങ്കേതിക സേവനം നൽകുന്നത്. കേരളത്തിനാകെ അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തെ സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റത്തിനാകെ മാതൃകയാവുകയാണ് ഇതിലൂടെ കേരളം. അത് കേന്ദ്ര ധനകാര്യ മന്ത്രിക്കും എടുത്തു പറയേണ്ടി വന്നു. സാധാരണ നമ്മുടെ നാടിനെതിരെ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവരെപ്പോലും കേരളത്തെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും നല്ലത് പറയാൻ നിർബന്ധിതരാക്കുന്നതിന്റെ പേരുകൂടിയാണ് കേരള മോഡൽ. 2022 ഒക്ടോബറിൽ കേരള സംഘം ഫിൻലാൻഡ് സന്ദർശിച്ചിരുന്നല്ലോ. കേരളവും ഫിൻലാൻഡും തമ്മിലുളള സഹകരണം മെച്ചപ്പെടുത്തുന്നതിനും കേരളത്തിലെ സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റത്തെ ഫിൻലാഡുമായി ബന്ധിപ്പിക്കുന്നതിനുമായിരുന്നു അന്ന് ഫിൻലാൻഡ് സന്ദർശിച്ചത്. തിരിച്ചെത്തി നടത്തിയ വാർത്താ സമ്മേളനത്തിൽ ഫിൻലാന്റിൽ നമുക്കുള്ള സാധ്യതകളെക്കുറിച്ച് വിശദമായി പറഞ്ഞത് ചിലർ ഓർക്കുന്നുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വയോജനങ്ങളുടെ സംഖ്യ വർദ്ധിച്ചുവരുന്ന ഒരു ഏയ്ജിങ് സൊസൈറ്റിയാണ് ഫിൻലാൻഡ്. പ്രായം കുറഞ്ഞവരുടെ സംഖ്യ കുറഞ്ഞ അവിടെ നൈപുണ്യമുള്ളവരുടെ അപര്യാപ്തത സ്വാഭാവികമായും ഉണ്ട്. ഈ ‘സ്‌കിൽ ഷോർട്ടേജ്’ നികത്താനാണ് ഫിന്നിഷ് ഗവൺമെന്റ് ‘ടാലന്റ് ബൂസ്റ്റ് പ്രോഗ്രാം’ എന്ന വിപുലമായ പദ്ധതി ആസൂത്രണം ചെയ്തത്. ഈ പദ്ധതി വഴി അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും കഴിവുള്ള യുവാക്കളെ ഫിൻലാൻഡിലേക്ക് ക്ഷണിക്കാനാണ് അവർ തീരുമാനിച്ചത്. അവരുടെ പ്രധാന ടാർഗറ്റ് രാജ്യം ഇന്ത്യയായിരുന്നു. ഇന്ത്യയിൽ കേരളമാണ് ഇങ്ങനെയൊരു അവസരം ഉപയോഗിക്കാൻ ആദ്യമായി ഒരു സംഘത്തെ ഫിൻലാൻഡിലേക്ക് അയച്ചത്.
കേരള സംഘത്തിന്റെ സന്ദർശനത്തെ തുടർന്ന് നമ്മുടെ ആരോഗ്യ രംഗത്തിന് പുറമേ സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റവുമായി കൂടി സഹകരിക്കാനാണ് ഫിൻലാൻഡ് പദ്ധതിയിട്ടത്. നോർക്ക, ഒഡേപെക്, കേരള സ്റ്റാർട്ടപ്പ് മിഷൻ, കെ.എസ്.ഐ.ഡി.സി എന്നിവ ചേർന്ന് ഈ സഹകരണത്തെ മുന്നോട്ടുകൊണ്ടുപോവാനാണ് വിദേശ പര്യടനത്തെ തുടർന്ന് സർക്കാർ ശ്രമിച്ചത്.
ഫിന്നിഷ് ഗവൺമെന്റിന്റെ ‘ടാലന്റ് ബൂസ്റ്റ്’ പ്രോഗ്രാമിലേക്ക് കേരളത്തിലെ സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റത്തെ ഉൾച്ചേർക്കാൻ തയ്യാറായത് കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് സഹായകരമാവും. ഇന്ന് ഇന്റർവൽ ഈ അഭിമാന നേട്ടം കൈവരിക്കുമ്പോൾ അത് ഈ നാടിന്റെയാകെ നേട്ടമാണെന്നാണ് സർക്കാർ കരുതുന്നത്. കൂടുതൽ സ്റ്റാർട്ടപ്പുകൾക്ക് ഇത്തരം നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്ന തരത്തിൽ സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റത്തെ മികവുറ്റതാക്കാനാണ് ശ്രമിക്കുന്നത്.
4800 സ്റ്റാർട്ടപ്പുകൾ, 64 ഇൻകുബേറ്ററുകൾ, 450 ഇന്നൊവേഷൻ കേന്ദ്രങ്ങൾ, 10 ലക്ഷം ചതുരശ്ര അടി തൊഴിലിടം തുടങ്ങിയ നേട്ടങ്ങളിലൂടെ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയായി ഇന്ന് കേരളം മാറിയിരിക്കുന്നു. ലോകോത്തര സാങ്കേതിക വിദ്യകൾക്കനുസൃതമായി സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളെ ശക്തമാക്കുവാനും നൈപുണ്യ പരിശീലനവും വൈദഗ്ധ്യവും മാർഗനിർദേശവും മറ്റു പിന്തുണകളും ലഭ്യമാക്കുന്നതിനുമായി 2019 ൽ കൊച്ചിയിൽ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് സമുച്ചയം യാഥാർഥ്യമാക്കി. കേരളത്തെ നവ സാങ്കേതിക വിദ്യാ ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് എമേർജിങ് ടെക്‌നോളജി ഹബ്ബിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. 4800ൽ പരം സ്റ്റാർട്ടപ്പുകൾ വഴി 50,000 തൊഴിലുകളാണ് സൃഷ്ടിച്ചത്.
2021-22ൽ ലോകത്തിലെ ഒന്നാം നമ്പർ പൊതു ബിസിനസ് ആക്‌സിലറേറ്ററായി സ്റ്റാർട്ടപ്പ് മിഷൻ തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാർട്ടപ്പ് ഇന്ത്യയുടെ ദേശീയ റാങ്കിംഗിൽ തുടർച്ചയായി ബെസ്റ്റ് പെർഫോർമർ പുരസ്‌ക്കാരം ലഭിച്ചു. ഡിപിഐഎടിയുടെ റാങ്കിങ്ങിൽ 2018, 2019, 2020 എന്നീ വർഷങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് ഹാട്രിക് നേടി. സാമൂഹിക ഉന്നമനത്തിൽ സ്റ്റാർട്ടപ്പ് മിഷന്റെ പങ്ക് നിസ്തുലമാണ്. സംരംഭകത്വം എന്നത് കയ്യിൽ പണമുള്ളവർക്ക് മാത്രം ചെയ്യാവുന്ന കാര്യമല്ല. അതിന് കഠിനാധ്വാനവും ഉൾക്കാഴ്ചയുമാണ് വേണ്ടത്. അത് യുവതലമുറയോട് ആവർത്തിച്ച് പറയുകയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ. ഇങ്ങനെ ലക്ഷ്യബോധത്തോടെയുള്ള സർക്കാർ ഇടപെടലിന്റെ ഒരുദാഹരണമാണ് അരീക്കോട്ടെ സ്റ്റാർട്ടപ്പ് സംരംഭത്തിന്റെ വിജയം എന്ന് നിസ്തർക്കം പറയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

