ഹൈദരാബാദ്: വ്യക്തിപരമായ താൽപര്യങ്ങൾക്ക് വേണ്ടി തെലങ്കാന ഭരിക്കുന്ന ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് ബി ആർ എസ് ഭരണം ജനങ്ങൾക്ക് മടുത്തുവെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ കാമറെഡ്ഡിയിൽ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ആളുകൾ പണം ആവശ്യമുള്ളപ്പോൾഎടിഎമ്മിൽ പോകും. ബിആർഎസിന് പണം ആവശ്യമുള്ളപ്പോൾ അവർ കർഷകരുടെ പേരിൽ പദ്ധതികൾ കൊണ്ടുവന്ന് ജനങ്ങളുടെ പണം കൊള്ളയടിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഠിനാധ്വാനികളായ തെലങ്കാനയിലെ ജനങ്ങളെ ബി ആർ എസ് കബളിപ്പിക്കുകയാണ്. രാജ്യത്തെ കർഷകരോട് ബിജെപിയ്ക്ക് കടപ്പാടുണ്ട്. 3.5 ലക്ഷം കോടി രൂപ രാജ്യത്തെ കർഷകർക്കാകെ വിതരണം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി ആർ എസിന്റേത് വ്യാജ വാഗ്ദാനങ്ങളാണ്. മോദിയുടേത് നിറവേറ്റുമെന്ന് തീർച്ചയായ വാഗ്ദാനങ്ങളാണ്. മുത്തലാഖ്, ആർട്ടിക്കിൾ 370 എന്നിവ ചൂണ്ടിക്കാട്ടി തങ്ങൾ നടപ്പാക്കിയ കാര്യങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു. പ്രധാനമന്ത്രി സ്ത്രീകൾക്കുള്ള പെൻഷൻ. സൈനികരുടെ വൺറാങ്ക് പെൻഷൻ എന്നിവ നടപ്പാക്കിയതും അദ്ദേഹം വ്യക്തമാക്കി.

