ലക്നൗ: സൗരോർജ്ജത്തെ ആശ്രയിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേയായി മാറാൻ തയ്യാറെടുത്ത് ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ. നിരവധി സോളാർ പാനലുകൾ ഈ എക്‌സ്പ്രസ് വേയിലുണ്ട്. ഇത് രാത്രികാലങ്ങളിൽ റോഡിലെ ലൈറ്റുകൾ പ്രകാശിപ്പിക്കുകയും സമീപ പ്രദേശങ്ങളിലെ വീടുകളിൽ ഊർജ്ജം എത്തിക്കുകയും ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യാൻ സഹായിക്കുകയും ചെയ്യും.
പിപിപി മാതൃകയിൽ സൗരോർജ്ജത്തിലൂടെ പ്രവർത്തിക്കുന്ന എക്സ്പ്രസ് വേയായി ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേയെ മാറ്റാനാണ് യോഗി സർക്കാരിന്റെ പദ്ധതി. ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേയ്ക്ക് സമീപം 1700 ഹെക്ടർ സ്ഥലത്ത് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കും. 550 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ നിന്നും ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. ഉത്തർപ്രദേശ് എക്സ്പ്രസ് വേസ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കീഴിൽ ഏകദേശം 14,850 കോടി രൂപ ചിലവിൽ 296 കി.മീ നാലുവരിയായാണ് എക്സ്പ്രസ് വേ നിർമ്മിച്ചിട്ടുള്ളത്.
എക്‌സ്പ്രസ് വേയിൽ നിന്നും പ്രതിദിനം ഒരു ലക്ഷം വീടുകൾ പ്രകാശിപ്പിക്കാനാണ് നീക്കം. ഈ പ്രോജക്റ്റിന്റെ ആയുസ് 25 വർഷമാണ്. 10 മുതൽ 12 വർഷം വരെ റീഇംബേഴ്‌സ്‌മെന്റ് കാലയളവ് സജ്ജീകരിച്ചിരിക്കുന്നു.

