ചക്കിട്ടപ്പാറയിൽ ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കാൻ തീരുമാനം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

പേരാമ്പ്ര: ചക്കിട്ടപ്പാറയിൽ ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പേരാമ്പ്ര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വനംവകുപ്പിന്റെ നേതൃത്വത്തിൽ സഫാരി പാർക്കിനായുള്ള തുടർനടപടികൾ നടക്കുകയാണ്. ഇത് ടൂറിസത്തിന് വൻ സാധ്യത ഒരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രദേശത്ത് വലിയ തോതിൽ വികസന പ്രവർത്തനങ്ങൾ നടക്കും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഭരണ രംഗത്ത് കേരളത്തിന്റെ നേട്ടങ്ങൾ രാജ്യത്തിനു മാതൃകയാണ്. കോവിഡിന്റെ മൂർദ്ധന്യാവസ്ഥയിലും കേരളം മികച്ചതായി തന്നെ നിലകൊണ്ടു. സംസ്ഥാനത്ത് സൗകര്യങ്ങളെല്ലാം പൂർണ സജ്ജമായിരുന്നു. കേരളത്തിന്റെ ആരോഗ്യരംഗം മികച്ചതാണ്. അതിസമ്പന്ന രാഷ്ട്രം പോലും കോവിഡിന് മുൻപിൽ മുട്ടുകുത്തി നിന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് സർക്കാരിന് വായ്പ്പ എടുക്കേണ്ടതായി വരും. പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ വരുമാനം വർധിക്കും. ഈ വരുമാനം കൊണ്ട് വായ്പ തിരിച്ചടക്കാനും കഴിയും. പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത് കിഫ്ബിയിൽ നിന്നും വായ്പ എടുത്തതുകൊണ്ടാണ്. കേരളത്തിൽ സ്തുത്യർഹമായ രീതിയിലാണ് കിഫ്ബിയുടെ പ്രവർത്തനം. നേരത്തെ 50000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ 2016 മുതൽ 2021 വരെ 62,000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്. രണ്ടര വർഷത്തിനകം 80,000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കാൻ കഴിയുകയെന്നും വിവിധ മേഖലകളിൽ ആ മാറ്റം പ്രകടമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.