തിരുവനന്തപുരം: ഇനി എല്ലാ വർഷവും സംസ്ഥാനത്ത് വൈദ്യുതി നിരക്കു വർദ്ധന പ്രതീക്ഷിക്കാം. ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് അവസാനമായി വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചത്. 2022 ജൂണിലായിരുന്നു ഇതിന് മുൻപുണ്ടായ വർദ്ധനവ്. ശരാശരി 1500 കോടി രൂപയാണ് ഓരോ വർഷവും വൈദ്യുതി ബോർഡിന്റെ പ്രവർത്തന നഷ്ടം.
കഴിഞ്ഞ കുറേ വർഷങ്ങളായി സംഭവിച്ച നഷ്ടം കൂടി ചേർത്താൽ നഷ്ടം 15,000 കോടി രൂപയിലധികം വരുമെന്നാണ് കണക്കാക്കുന്നത്. കേരളത്തിൽ ഉപയോഗിക്കുന്ന വൈദ്യുതിയിൽ 70 ശതമാനവും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്നതാണ്. ഇത് ദീർഘ ദൂരം പ്രസരണം നടത്തിയാണ് സംസ്ഥാനത്ത് എത്തിക്കുന്നത്. അതുകൊണ്ടുതന്നെ കെഎസ്ഇബിയുടെ പ്രസരണ നഷ്ടം മറ്റു കമ്പനികളിലേതിനെക്കാൾ കൂടുതലാണ്.
അടുത്ത അഞ്ചുവർഷത്തിനകം ആകെ പ്രസരണ- വിതരണ നഷ്ടം പത്തു ശതമാനത്തിൽ എത്തിക്കണം. എന്നാൽ മാത്രമേ കെഎസ്ഇബിക്ക് പിടിച്ചുനിൽക്കാൻ കഴിയൂവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

