പേരാമ്പ്ര: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യരംഗത്ത് മികവ് തെളിയിച്ച കേരളത്തിന് എയിംസ് അനുവദിക്കുമെന്നു പറഞ്ഞിട്ടും കേന്ദ്രസർക്കാർ തരുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നവകേരളസദസ്സിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നേരത്തേ നേരിൽ സംസാരിച്ചപ്പോൾ പ്രധാനമന്ത്രി തന്നെയാണ് എയിംസ് അനുവദിക്കുമെന്നു പറഞ്ഞത്. സംസ്ഥാന സർക്കാർ അത് കോഴിക്കോട്ട് തുടങ്ങുമെന്നും പറഞ്ഞു. കിട്ടി, കിട്ടി എന്നുപറഞ്ഞ് മോഹിപ്പിച്ചിട്ടും നൽകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ സംസ്ഥാനങ്ങൾക്കും നൽകുന്ന ഇത്തരം പദ്ധതികളെല്ലാം കേരളത്തിനും അർഹതയുണ്ട്. സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പെട്ടിട്ടും നൽകാൻ തയ്യാറല്ല. മര്യാദ പാലിക്കാതെ ന്യായമല്ലാതെയാണ് പല കാര്യങ്ങളും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

