കൊച്ചി: സംസ്ഥാനത്തെ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർത്ഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുതെന്ന് ഉത്തരവിട്ട് ഹൈക്കോടതി. അക്കാദമിക് കരിക്കുലത്തിൽ ഇല്ലാത്ത കാര്യങ്ങൾക്ക് ഉത്തരവിടാൻ സർക്കാരിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് പുറത്തിറക്കിയത്.
അതേസമയം, നവകേരള സദസിനായി ഇനി വിദ്യാർത്ഥികളെ ഉപയോഗിക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തിങ്കളാഴ്ചയോടെ കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇറക്കിയ എല്ലാ ഉത്തരവുകളും പിൻവലിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. നവകേരള സദസ്സിന് ആളുകളെ എത്തിക്കാൻ സ്‌കൂൾ ബസുകൾ വിട്ടു നൽകണമെന്ന് നിർദേശം നൽകിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവും ഉടനെ പിൻവലിക്കും.
കഴിഞ്ഞ ദിവസമാണ് നവകേരള സദസ്സിനു അഭിവാദ്യമർപ്പിക്കാനായി വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചത്.

