ന്യൂഡൽഹി: ഐക്യരാഷ്ട്രസഭ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഗോള പഠന വിഷയപ്പട്ടികയിൽ ഇടംനേടിയതോടെ ആഗോളതലത്തിൽ വീണ്ടും ശ്രദ്ധിക്കപ്പെട്ട് കേരള ടൂറിസത്തിന്റെ അഭിമാനപദ്ധതിയായ ഉത്തരവാദിത്വ ടൂറിസം മിഷൻ. ആകെ എട്ടുരാജ്യങ്ങളിൽ നിന്നുള്ള പദ്ധതികളുടെ കൂട്ടത്തിലാണ് ആർ ടി മിഷനും ഈ നേട്ടം കരസ്ഥമാക്കിയത്.
ജി20 രാജ്യങ്ങളിലെ ടൂറിസം മേഖലയിൽ നിന്നുള്ള സുസ്ഥിരവികസന ലക്ഷ്യങ്ങൾക്കായുള്ള പ്രത്യേക ഡാഷ് ബോർഡിലാണ് ഉത്തരവാദിത്വ ടൂറിസം മിഷനും ഉൾപ്പെട്ടത്. ഹരിത ടൂറിസം എന്ന മുൻഗണനാ വിഷയത്തിൽ ഇന്ത്യയിൽ നിന്ന് ഉത്തരവാദിത്വ ടൂറിസവും തബോഡ-അന്ധേരി കടുവാ പദ്ധതിയും ഇടംപിടിച്ചു. മെക്‌സിക്കോ, ജർമനി, മൗറീഷ്യസ്, ടർക്കി, ഇറ്റലി, ബ്രസീൽ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നാണ് മറ്റു പദ്ധതികൾ.
പ്രാദേശിക സമൂഹത്തിന്റെ ഉന്നമനത്തിലൂടെ സുസ്ഥിരവികസന ലക്ഷ്യത്തിന് ഉത്തരവാദിത്വ ടൂറിസം മിഷൻ വിജയിച്ചുവെന്ന് പഠനത്തിൽ വിലയിരുത്തുന്നു. ഉത്തരവാദിത്വ ടൂറിസം മേഖലകൾ വികസിപ്പിച്ച് പ്രാദേശിക ഉത്പന്നങ്ങൾ ഉപയോഗിച്ചതിലൂടെ സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താൻ കഴിഞ്ഞെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റ് ലിങ്കും ഡാഷ് ബോർഡിൽ നൽകിയിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽത്തന്നെ ഉത്തരവാദിത്വ ടൂറിസം മിഷൻ മാതൃകയായിക്കഴിഞ്ഞെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

