വടകര: യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് മൂക്കുകയറിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വടകരയിൽ നവകേരള സദസ്സുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പറവൂർ നഗരസഭാ അധ്യക്ഷയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഭീഷണിപ്പെടുത്തി. യുഡിഎഫ് തദ്ദേശ സ്ഥാപനങ്ങൾക്ക് മൂക്കുകയറിടുന്നു. പറവൂർ നഗരസഭ, നവകേരള സദസ്സിന് ഒരു ലക്ഷം രൂപ നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ അത് നൽകിയാൽ സ്ഥാനം തെറിപ്പിക്കും. പറവൂർ നഗരസഭാ അധ്യക്ഷയെ ഭീഷണിപ്പെടുത്തി. തീരുമാനം പിൻവലിപ്പിക്കാനുള്ള ശ്രമമാണ് അവിടെ നടന്നത്. ജനാധിപത്യ സംവിധാനത്തിൽ ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പറവൂരിൽ മാത്രമല്ല മറ്റ് പലയിടങ്ങളിലും ഇത്തരത്തിലുള്ള അനുഭവങ്ങൾ പലരും നേരിട്ടിട്ടുണ്ട്. സ്വന്തം പാർട്ടിക്കാരെപ്പോലും ബോധ്യപ്പെടുത്താൻ കഴിയാത്ത തീരുമാനങ്ങളാണ് പ്രതിപക്ഷത്തിന്റേത്. നവകേരളയാത്ര വൻ വിജയമാണ്. യുഡിഎഫ് ഭരിക്കുന്ന മണ്ഡലങ്ങളിൽപ്പോലും വലിയ ജനപങ്കാളിത്തമുണ്ടായത് അതിനുള്ള തെളിവാണ്. ഇന്നലെ പര്യടനം പൂർത്തിയാക്കിയ വയനാട്ടിൽ മൂന്ന് മണ്ഡലങ്ങളിൽ രണ്ടെണ്ണം യുഡിഎഫ് പ്രതിനിധികളുടെ മണ്ഡലമാണ്. ബത്തേരിയിലും കൽപ്പറ്റയിലും അവിടുത്തെ എംഎൽഎമാർ വന്നില്ല എന്നത് ശരിയാണ്. കനത്തമഴ ഉണ്ടായിട്ടും ജനസഹസ്രങ്ങൾ പരിപാടിയ്ക്ക് വന്നു. മാനന്തവാടിയിലും ആവേശകരമായ ആൾക്കൂട്ടം ഉണ്ടായി. അത് കഴിഞ്ഞ് വരുമ്പോൾ റോഡിനരികിൽ മുഴുവൻ ജനങ്ങളായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
സ്കൂൾ വിട്ട് വീട്ടിൽ പോവാതെ കാത്ത് നിൽക്കുന്ന കുട്ടികളും ഉണ്ടായിരുന്നു. റോഡ് സൈഡിൽ നിന്ന് ആ കുഞ്ഞുങ്ങൾ കൈ വീശുന്നു. ഒപ്പം സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. വയനാട്ടിൽ ഇത്ര വലിയ ജനപങ്കാളിത്തം ഉണ്ടാവാനുള്ള കാരണം അവിടുത്തെ അടിസ്ഥാന ജനത്തിന് വേണ്ടി സംസ്ഥാന സർക്കാർ ഒട്ടേറെ പദ്ധതികൾ കൊണ്ടുവന്നു എന്നതാണ്. അതിന്റെ പ്രതിഫലനമാണ് അവിടെയുണ്ടായതെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

