വ്യാജപ്രചാരണം; ദേശാഭിമാനിക്കെതിരെ നിയമ നടപടിയുമായി മറിയക്കുട്ടി

അടിമാലി: സിപിഎം മുഖപത്രം ദേശാഭിമാനിക്കെതിരെ നിയമ നടപടിയുമായി മറിയക്കുട്ടി. ദേശാഭിമാനിക്കെതിരെ മറിയക്കുട്ടി മാനനഷ്ട കേസ് നൽകി. ദേശാഭിമാനി പത്രത്തിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. പത്രാധിപർ ഉൾപ്പെടെ പത്ത് പേരെ പ്രതിചേർത്താണ് പരാതി നൽകിയിട്ടുള്ളത്.

തെറ്റായ വാർത്ത നൽകി മാനഹാനിയുണ്ടാക്കി എന്നാണ് മറിയക്കുട്ടിയുടെ പരാതി. അടിമാലി മുൻസിഫ് കോടതിയിലാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. മറിയക്കുട്ടിക്ക് ആവശ്യമായ നിയമസഹായം നൽകുന്നത് യൂത്ത് കോൺഗ്രസാണ്. മറിയക്കുട്ടിയുമായി ബന്ധപ്പെട്ട് ക്ഷേമപെൻഷൻ ലഭിക്കാൻ കാലതാമസം വന്നതിനെത്തുടർന്ന് മറിയക്കുട്ടിയും (87), അന്ന ഔസേപ്പും (80) അടിമാലിയിൽ ഭിക്ഷ യാചിച്ച് സമരം ചെയ്തിരുന്നു. ഇതിനു പിന്നാലെ മറിയക്കുട്ടിക്ക് വലിയ ആസ്തിയുണ്ടെന്ന് വ്യക്തമാക്കി ദേശാഭിമാനി വാർത്ത നൽകിയത്.

ഒന്നരയേക്കർ സ്ഥലം മറിയക്കുട്ടിയ്ക്കുണ്ടെന്നായിരുന്നു ദേശാഭിമാനി വാർത്ത നൽകിയത്. സൈബർ ആക്രമണം ശക്തമായതോടെ തന്റെ പേരിൽ ഭൂമിയുണ്ടെങ്കിൽ അതിന്റെ രേഖ നൽകണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫീസിലെത്തി. തുടർന്ന് ഭൂമിയില്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് മറിയക്കുട്ടി പുറത്തുവിടുകയും ചെയ്തു. ഇതോടെ കള്ള പ്രചാരണങ്ങളുടെ മുനയൊടിഞ്ഞു.