നടൻ വിനോദിന്റെ മരണം: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: നടൻ വിനോദ് തോമസിന്റെ മരണത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ശനിയാഴ്ചയാണ് വിനോദ് തോമസിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് വിനോദിനെ മരിച്ച നിലയിൽ കണ്ടത്.

കാറിനുള്ളിൽ കയറിയ വിനോദ് മണിക്കൂറുകൾ കഴിഞ്ഞിട്ട് പുറത്തിറങ്ങാത്തതിനെ തുടർന്ന് ബാറിലെ സുരക്ഷാ ജീവനക്കാരൻ എത്തി പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സംഭവ സ്ഥലത്തെത്തി കാറിന്റെ ചില്ല് തകര്‍ത്താണ്‌ വിനോദിനെ പുറത്ത് എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.