ഉത്തരകാശി: നിർമാണത്തിലിരിക്കെ തുരങ്കം തകർന്ന് കുടുങ്ങിയ തൊഴിലാളികളുടെ ആരോഗ്യനിലയിൽ ആശങ്ക ഉയരുന്നു. ഉണങ്ങിയ പഴങ്ങളും വിറ്റമിൻ ഗുളികളും വിഷാദമുണ്ടാകാതിരിക്കാനുള്ള മരുന്നുകളും പൈപ്പിനുള്ളിലൂടെ തൊഴിലാളികൾക്ക് നൽകുന്നുണ്ട്. ഭാഗ്യവശാൽ തുരങ്കത്തിനുള്ളിൽ വെളിച്ചമുണ്ടെന്നാണ് ഉത്തരാഖണ്ഡ് റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവെ സെക്രട്ടറി അനുരാഗ് ജെയിൻ വ്യക്തമാക്കിയിട്ടുള്ളത്.
ഭക്ഷണവും വെള്ളവും പൈപ്പിലൂടെ എത്തിക്കാൻ കഴിയുന്നുണ്ട്. തൊഴിലാളികളെ രക്ഷിക്കാൻ സാധ്യമായ എല്ലാ വഴികളും തേടുകയാണ്. ഏതെല്ലാം മാർഗത്തിലൂടെ രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുമെന്ന് ഉന്നതല യോഗത്തിൽ ചർച്ച ചെയ്തു. അഞ്ച് മാർഗങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. ബോർഡർ റോഡ് ഓർഗനൈസേഷനും സൈന്യവും നിരന്തരം സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
മല താഴേക്ക് തുരന്ന് തുരങ്കത്തിനകത്തു പ്രവേശിച്ച് തൊഴിലാളികളെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്. മണ്ണിടിച്ചിൽ ഒഴിവാക്കാൻ 45 ഡിഗ്രി ചെരിച്ചാണ് തുരക്കുന്നത്.

