സ്‌കൂൾ ഉച്ചഭക്ഷണപദ്ധതി; കേരളത്തിനുള്ള വിഹിതം കേന്ദ്രസർക്കാർ തടഞ്ഞു

തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയിൽ കേരളത്തിനുള്ള വിഹിതം കേന്ദ്രസർക്കാർ തടഞ്ഞു. കൃത്യമായി കണക്കു നൽകാത്തതിനെ തുടർന്നാണ് നടപടി. നവംബർ വരെയുള്ള കണക്കിൽ 125 കോടിരൂപ അനുവദിക്കേണ്ടതിൽ പകുതിപോലും നൽകിയില്ല.

കേന്ദ്രവും സംസ്ഥാനവും വഹിക്കേണ്ട ചെലവ് 60:40 ശതമാനമെന്ന അനുപാതത്തിലാണ് ഉച്ചഭക്ഷണപദ്ധതി. ഈവർഷം 184.31 കോടിരൂപയാണ് കേന്ദ്രവിഹിതം. സംസ്ഥാനം 163.16 കോടി ചെലവഴിക്കും. 125 കോടിയാണ് നവംബർ വരെയുള്ള ആദ്യഗഡു. 54.16 കോടി രൂപയാണ് കേന്ദ്രം ഇതുവരെ നൽകിയത്.

കേരളം കൃത്യമായി കണക്കു നൽകിയിട്ടില്ലെന്നാണ് ബാക്കി തുക തടഞ്ഞതിന് കേന്ദ്രം പറയുന്ന കാരണം. കേരളം സമർപ്പിച്ച കണക്കനുസരിച്ച് 54.16 കോടിരൂപ അനുവദിച്ച് വെള്ളിയാഴ്ച ധനമന്ത്രാലയം ഉത്തരവിറക്കി. ഒരു കുട്ടിയ്ക്ക് 8.17 രൂപവീതം നൽകാൻ കേന്ദ്രം നിർദേശിച്ചെങ്കിലും കേരളം എട്ടുരൂപയെ നൽകുന്നുള്ളൂ. 150 കുട്ടികളുള്ള സ്‌കൂളിന് ഒരുവിദ്യാർഥിക്ക് എട്ടുരൂപ, 150-500 കുട്ടികളുള്ള സ്‌കൂളിന് ഏഴുരൂപ, 500-ലേറെ കുട്ടികളുള്ള സ്‌കൂളിന് ആറുരൂപ എന്നിങ്ങനെ തിരിച്ചാണ് ചെലവഴിക്കുക.