ജയ്പൂർ: രാഹുൽ ഗാന്ധിയ്ക്കും ഗാന്ധി കുടുംബത്തിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗാന്ധി കുടുംബത്തിലെ നാലുതലമുറയും ഒബിസി വിഭാഗത്തിന്റെ വികസനത്തിന് എതിരായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. നസിരാബാദിലെ ഒരു തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒബിസി വിഭാഗത്തെക്കുറിച്ചു അടുത്തകാലത്തായി രാഹുൽ ഗാന്ധി നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ജവഹർലാൽ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള ഗാന്ധി കുടുംബത്തിലെ നാലുതലമുറയും ഒബിസി വിഭാഗത്തിന്റെ വികസനത്തിന് എതിരായിരുന്നെന്നും അദ്ദേഹം അറിയിച്ചു.
ബിജെപിയാണ് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ (എൻസിബിസി) സ്ഥാപിച്ചത്. ഇന്ത്യയ്ക്ക് ആദ്യത്തെ ഒബിസി പ്രധാനമന്ത്രിയെ നൽകിയതും ബിജെപിയാണ്. പിന്നാക്ക വിഭാഗങ്ങൾക്കുവേണ്ടി കോൺഗ്രസ് ഒരിക്കലും പ്രവർത്തിച്ചിട്ടില്ല. കോൺഗ്രസ് വ്യാജ വാഗ്ദാനങ്ങൾ മാത്രമാണ് നൽകിയിരുന്നതെന്ന് അമിത്ഷാ കുറ്റപ്പെടുത്തി.

