വയോധികക്കെതിരെ തെറ്റായ വാർത്ത നൽകിയ സംഭവം; പാർട്ടി പത്രം മാപ്പു പറഞ്ഞുവെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: ക്ഷേമപെൻഷൻ മുടങ്ങിയതിനെ തുടർന്ന് തെരുവിൽ പ്രതിഷേധിച്ച മറിയക്കുട്ടിയെന്ന വയോധികക്കെതിരെ തെറ്റായ വാർത്ത നൽകിയതിൽ പാർട്ടി പത്രം മാപ്പു പറഞ്ഞുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഷയത്തിൽ പാർട്ടി പത്രം സംഘടനാപരമായ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ജനാധിപത്യ ചരിത്രത്തിലെ പുതിയ കാൽവയ്പ് ആണ് നവകേരള സദസ്സ്. നവകേരള സദസ്സിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്ക് ഉപയോഗിക്കുന്നത് ആഢംബര ബസ് അല്ല. ആ ബസ് പരിപാടി കഴിഞ്ഞാൽ എങ്ങോട്ടും കൊണ്ടുപോകില്ല, കേരളത്തിന്റെ സ്വത്തായി ഉപയോഗിക്കുമെന്ന് എം വി ഗോവിന്ദൻ അറിയിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് എന്ന നിലയിൽ അതിന്റെ മൂല്യം ഉയരും. മറ്റ് ആക്ഷേപങ്ങൾക്കു മറുപടി പറയുന്നില്ല. ബസിന്റെ ദൃശ്യം പുറത്തു വിടുന്നില്ലെന്ന ആരോപണത്തിൽ കാര്യമില്ല. ബസ് അടച്ചു വയ്ക്കുകയല്ല, അടുത്ത ദിവസം മുതൽ ഓടിത്തുടങ്ങുകയാണ്. അപ്പോൾ ആവശ്യം പോലെ ദൃശ്യങ്ങൾ ആർക്കു വേണമെങ്കിലും പകർത്താമെന്ന് അദ്ദേഹം വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമിച്ചു എന്നത് വളരെ ഗൗരവമുള്ള വിഷയമാണ്. ഇപ്പോൾ ലക്ഷക്കണക്കിനു വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ എത്ര കാർഡുകൾ ഇത്തരത്തിൽ ഉണ്ടാക്കാൻ കഴിയും. അതിന്റെ എല്ലാ തെളിവും പുറത്തു വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ മുഴുവൻ ഗൗരവത്തോടെ കണ്ട് ഇടപെടൽ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഇത്തരം മാതൃകകൾ ഉത്കണ്ഠയുണ്ടാക്കുന്നതാണ്. ഇത്തരം അപകടകരമായ വ്യാജ നിർമിതികൾ പൊതുതിരഞ്ഞെടുപ്പിനെപ്പോലും അട്ടിമറിക്കാനുള്ള ശ്രമമാണ്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണം. സൂഷ്മമമായി പരിശോധിച്ചാൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞൻ സുനിൽ കനഗോലുവാണ് ഇതിനു പിന്നിലെന്നു വ്യക്തമാകുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.