തിരുവനന്തപുരം: ഈ വർഷത്തെ ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് വേദിയാകുന്നത് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയമാണ്. നവംബർ 19 നാണ് കലാശപ്പോരാട്ടം നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ഫൈനൽ വേദിയിലെ മുഖ്യാതിഥി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം കാണാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻമാരായ എം എസ് ധോണി, കപിൽ ദേവ് എന്നിവരും മത്സരം നേരിട്ടു കാണാൻ അഹമ്മദാബാദിൽ എത്തിയേക്കുമെന്നാണ് വിവരം. ഫൈനൽ ദിവസം ആരാധകർക്കായി പ്രത്യേക എയർ ഷോ ഉണ്ടായിരിക്കും. ധാരാളം വിനോദപരിപാടികളും സംഘാടകർ സംഘടിപ്പിച്ചിട്ടുണ്ട്. സമാപനച്ചടങ്ങിനോട് അനുബന്ധിച്ച് ഗായകരായ ദുവാ ലിപ, പ്രീതം ചക്രവർത്തി, ആദിത്യ ഗധാവി എന്നിവർ അവതരിപ്പിക്കുന്ന പ്രത്യേക സംഗീത പരിപാടിയും ഉണ്ടായിരിക്കും.
അതേസമയം, ഇന്ത്യൻ ടീമിലെ കളിക്കാരുടെ കുടുംബാംഗങ്ങളും ഫൈനൽ കാണാൻ ഗാലറിയിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും മത്സരം കാണാൻ വേദിയിലെത്തും. ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്), ഐസിസി (ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ) തലവൻമാരും ഫൈനൽ വേദിയിൽ ഉണ്ടാകും. വിവിധ സംസ്ഥാന അസോസിയേഷനുകളുടെ പ്രതിനിധികളും വേദിയിലുണ്ടാകും.

