തമിഴ്‌നാട് സർക്കാരും ഗവർണറും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു; പത്ത് ബില്ലുകൾ തിരിച്ചയച്ചു

ചെന്നൈ: തമിഴ്‌നാട് സർക്കാരും ഗവർണറും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. പരിഗണനയിലുള്ള പത്ത് ബില്ലുകൾ തമിഴ്നാട് ഗവർണർ ആർ എൻ രവി തിരിച്ചയച്ചു. എഐഎഡിഎംകെ സർക്കാരിന്റെ കാലത്ത് പാസാക്കിയ രണ്ടു ബില്ലുകൾ അടക്കമാണ് ഗവർണർ തിരിച്ചയച്ചത്. 12 ബില്ലുകളിൽ തീരുമാനമെടുക്കുന്നില്ലെന്ന് കാണിച്ച് തമിഴ്നാട് സർക്കാർ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കവെയാണ് വീണ്ടും ഗവർണറുടെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായിരിക്കുന്നത്.

ഗവർണറുടെ നടപടിയ്ക്ക് പിന്നാലെ സ്പീക്കർ എം. അപ്പാവ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തു. ബില്ലുകൾ ഗവർണറുടെ പരിഗണനയ്ക്ക് വീണ്ടും അയക്കാൻ സർക്കാർ തീരുമാനിച്ചേക്കുമെന്നാണ് വിവരം. വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ ഗവർണറുടെ അധികാരം എടുത്തുകളയുന്ന ബില്ല്, എ.ഐ.ഡി.എം.കെ. സർക്കാരിലെ മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയുള്ള ബില്ല് തുടങ്ങിയവ ഗവർണർ തിരിച്ചയച്ചവയിൽ ഉൾപ്പെടുന്നു.

അതേസമയം, കേരള, തമിഴ്നാട്, പഞ്ചാബ് സർക്കാരുകൾ ഗവർണർമാർക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.