ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലിന് അംഗീകാരം നൽകി ​ഗവർണർ

ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. സർക്കാരുമായുള്ള പോര് തുടരുന്നതിനിടെയാണ് ഇത്. രണ്ട് പി‍എസ്‍സി അംഗങ്ങളുടെ നിയമനവും ഗവർണർ അംഗീകരിച്ചു. പ്രിൻസി കുര്യാക്കോസ്, ബാലഭാസ്‌ക്കർ എന്നിവരുടെ നിയമനത്തിന് ആണ് അനുമതി നൽകിയത്. പക്ഷേ വിവാദ ബില്ലുകളിൽ ‍ഗവർണർ ഇനിയും തീരുമാനം എടുത്തിട്ടില്ല. അതേസമയം, 2 അംഗങ്ങളുടെ നിയമന ശുപാർശ ഇപ്പോഴും ​ഗവർണർ അംഗീകരിച്ചില്ല. താൻ റബ്ബർ സ്റ്റാമ്പല്ലെന്നായിരുന്നു ബില്ലുകളിൽ ഒപ്പിടാത്ത വിഷയത്തിൽ ഗവർണർ പ്രതികരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി താൻ ഒപ്പിടാതെ വച്ചിരിക്കുന്ന ബില്ലുകളിലെ ചോദ്യങ്ങൾക്ക് വിശദീകരണം നൽകണമെന്നും അദ്ദേഹം ആവർത്തിച്ചു. സർക്കാരാണ് രാജ്ഭവന്റെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത്. രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സമ്മർദ്ദ തന്ത്രമാണെന്നും അക്രമത്തിന്റെ ഭാഷയാണെന്നും ഗവർണർ വിമർശിച്ചു. ഗവര്‍ണര്‍ സംസാരിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റിനെ പോലെയെന്നായിരുന്നു എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിമർശനം.കേരള സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുകയാണെങ്കില്‍ സി എ ജി കണ്ടുപിടിക്കട്ടെയെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു.

ഗവർണർക്കെതിരെ മുഖ്യമന്ത്രി ഇന്നലെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. എല്ലാത്തിനും ഒരു അതിരുണ്ടെന്നും എന്നാൽ എല്ലാ അതിരുകളും ലംഘിക്കുന്ന നിലയിലാണ് ഗവർണർ പെരുമാറുന്നതെന്നും വിമർശിച്ച മുഖ്യമന്ത്രി, ഇടുക്കിയിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ബില്ലിൽ പോലും ഒപ്പിടാത്ത ഗവർണർക്കെതിരെ കർഷകരെ കൂട്ടി രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്നും പറയുകയുണ്ടായി.