തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായം അനുവദിക്കാൻ സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
സ്ഫോടനത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവും അനുവദിക്കും.
മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ:
പിണറായി പൊലീസ് സ്റ്റേഷന് പഞ്ചായത്ത് വക സ്ഥലം
പിണറായി ഗ്രാമപഞ്ചായത്തിൻറെ കൈവശമുള്ള ഭൂമിയിൽ നിന്ന് 25 സെൻറ് സ്ഥലം പൊലീസ് സ്റ്റേഷൻ നിർമ്മാണത്തിന് വിട്ടുനൽകാമെന്ന ഗ്രാമപഞ്ചായത്തിൻറെ ശിപാർശ അംഗീകരിച്ചു.
സർക്കാർ ഗ്യാരണ്ടി
കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപ്പറേഷനുള്ള 6 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി കാലാവധി 2022 ഡിസംബർ 21 മുതൽ അഞ്ച് വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു നൽകും.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് വായ്പ ലഭിക്കുന്നതിന് 100 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരണ്ടി അനുവദിക്കും.

