ഭക്ഷണ വസ്തുക്കളുടെ പാക്കറ്റിൽ തയ്യാറാക്കിയ തീയതിയും സമയവും നിർബന്ധമായും രേഖപ്പെടുത്തണം; ഹൈക്കോടതി

എറണാകുളം: ഭക്ഷണ വസ്തുക്കളുടെ പാക്കറ്റിൽ തയ്യാറാക്കിയ തീയതിയും സമയവും നിർബന്ധമായും രേഖപ്പെടുത്തണമെന്ന നിർദ്ദേശം നൽകി ഹൈക്കോടതി. കാസർകോട് സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി ദേവനന്ദയുടെ അമ്മ നൽകിയ പരാതി പരിഗണിച്ചാണ് നടപടി. ഷവർമ്മ കഴിച്ചാണ് വിദ്യാർത്ഥിനി മരണപ്പെട്ടത്.

പാഴ്സൽ മുഖേനയോ അല്ലാതെയോ വാങ്ങുന്ന ഭക്ഷണ വസ്തുക്കക്കളിലും സമയവും തീയതിയും കുറിക്കണമെന്ന് കോടതി നിർദ്ദേശം നൽകി. ഇതു സംബന്ധിച്ചുള്ള കാര്യങ്ങൾ ഹോട്ടലുകളിൽ കൃത്യമായി നടക്കുന്നുണ്ടോയെന്ന് പരിശോധിച്ച് നടപടികൾ സ്വീകരിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കും ഹൈക്കോടതി നിർദ്ദേശം നൽകി.

ഷവർമ്മ കഴിച്ചാണ് തന്റെ മകൾ മരിച്ചതെന്നും ഇതിൽ നടപടികൾ കൈക്കൊണ്ട് തനിക്ക് നഷ്ടപരിഹാരം തരണമെന്നുമാവശ്യപ്പെട്ടാണ് ദേവനന്ദയുടെ മാതാവ് കോടതിയിൽ ഹർജി സമർപ്പിച്ചത്. കോടതിയ്ക്ക് മുമ്പാകെ നടപടികൾ വിശദീകരിക്കാനായി ഭക്ഷ്യസുരക്ഷാ കമ്മീഷണർ അഫ്സാന പർവീണും ഓൺലൈൻ വഴി ഹാജരായിരുന്നു.