ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സ്ഥിരീകരിക്കാത്ത തെറ്റായ പ്രചരണം നടത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ്. ബിജെപി നേതാക്കളായ ഹർദീപ് സിങ് പുരി, അനിൽ ബലൂനി, ഓം പഥക് തുടങ്ങിയവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് മോദി സർക്കാരിനെതിരെ പ്രിയങ്ക ആരോപിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ പരാതി നൽകിയത്.
പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നു എന്ന തരത്തിൽ തീർത്തും തെറ്റായ കാര്യങ്ങളാണ് പ്രിയങ്ക പ്രചരിപ്പിക്കുന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. മധ്യപ്രദേശിലെ സാൻവെർ നിയമസഭ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ടിക്കൽസ് ലിമിറ്റഡ് തന്റെ വ്യവസായി സുഹൃത്തുക്കൾക്ക് കൈമാറ്റം ചെയ്‌തെന്ന് പ്രിയങ്ക ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിങ്ങൾ അടിസ്ഥാനരഹിതവും തെറ്റായതുമായ കാര്യങ്ങൾ ഉന്നയിച്ചുവെന്നും ജനങ്ങളെ തെറ്റിധരിപ്പിക്കാനും പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. അതിനാൽ പ്രസ്തുത പ്രസ്താവനയിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.
അതേസമയം, സമൂഹമാധ്യമത്തിലൂടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് തിരഞ്ഞെടുപ്പു കമ്മിഷൻ നോട്ടിസ് അയച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടിയുടെ സമൂഹമാധ്യമ പോസറ്റുകൾക്കെതിരെ ബിജെപി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.