ടൈറ്റാനിയം അഴിമതി കേസ്; സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ടൈറ്റാനിയം അഴിമതി കേസിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. മുൻജീവനക്കാരൻ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജസ്റ്റിസ് ബാബുവാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ടൈറ്റാനിയം അഴിമതിയിൽ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണം നിർദേശിച്ചിരുന്നെങ്കിലും കേസ് ഏറ്റെടുക്കാൻ സിബിഐ തയ്യാറായിരുന്നില്ല. അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി കെ ഇബ്രാഹിം കുഞ്ഞ് തുടങ്ങിയ നേതാക്കൾ കേസിൽ ആരോപണം നേരിടുന്നുണ്ട്.

വിജിലൻസ് കേസ് സിബിഐക്ക് വിടാൻ നേരത്തെ ശുപാർശ ചെയ്തിരുന്നു. തുടർന്നാണ് കേസ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ സിബിഐയോട് ആവശ്യപ്പെട്ടത്. എന്നാൽ സിബിഐ ഇതിന് തയ്യാറായില്ല. കേസിനാസ്പദമായ സംഭവം നടന്നത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും വി കെ ഇബ്രാഹിം കുഞ്ഞ് വ്യവസായ മന്ത്രിയും ആയിരുന്ന സമയത്താണ്.

ടൈറ്റാനിയം കമ്പനിയിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ ഫിൻലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായി ഏർപ്പെട്ടിരുന്നു. 256 കോടിയുടെ ഉപകരണങ്ങൾ എത്തിക്കാൻ ആയിരുന്നു കരാർ. ഇതിൽ 86 കോടി രൂപയുടെ അഴിമതി നടന്നുവെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ.