താൻ റബർ സ്റ്റാംപ് അല്ല; മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്ക് മറുപടി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ റബർ സ്റ്റാംപ് അല്ലെന്ന് ഗവർണർ വ്യക്തമാക്കി. ബില്ലിലെ ചോദ്യങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് വിശദീകരണം നൽകണമെന്നും ഗവർണർ പ്രതികരിച്ചു.

രാജ്ഭവൻ മാർച്ച് സമ്മർദ തന്ത്രമാണ്. അത് അക്രമത്തിന്റെ ഭാഷയാണ്. തന്റെയടുത്ത് അത് വിലപ്പോകില്ല. അധികം ചെലവിന് പണം ആവശ്യപ്പെട്ട് സർക്കാരും രാജ്ഭവനുമായി കത്തിടപാട് നടന്നുകാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്തതിന് കഴിഞ്ഞ ദിവസമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനം ഉന്നയിച്ചത്. നിയമഭേദഗതിയിൽ ഗവർണർ ഒപ്പിടുന്നില്ലെങ്കിൽ രാജ്ഭവനിലേക്കു കൃഷിക്കാരുടെ സംഘടിതമായ മാർച്ച് നടത്തുമെന്ന് എൽഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്തിനും അതിരുണ്ടെന്നും ആ അതിരുകൾ ലംഘിച്ചുപോകുന്ന അവസ്ഥയാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

നമ്മുടെ നാട്ടിൽ ഇതുപോലുള്ള കാര്യങ്ങൾക്കു തടസ്സം നിൽക്കുന്ന ചിലരുണ്ട്. അവർ അവരുടേതായ തടസ്സങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.