തിരുവനന്തപുരം: ഐ ജി പി വിജയന്റെ സസ്‌പെൻഷൻ പിൻവലിച്ച് സർവ്വീസിൽ തിരിച്ചെടുത്തു. എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്നാരോപിച്ചാണ് ഐ ജി പി വിജയനെ സസ്‌പെൻഡ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ ഐജി വിജയന്റെ സസ്‌പെൻഷൻ റദ്ദാക്കി ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
മെയ് 18 നായിരുന്നു അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ അഞ്ചു മാസമായി ഐജി വിജയൻ സസ്‌പെൻഷനിലായിരുന്നു. എന്നാൽ വിജയനെതിരെയുള്ള വകുപ്പു തല അന്വേഷണം തുടരും. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഐജി വിജയനെ സസ്‌പെൻഡ് ചെയ്തത്. വിശദീകരണം പോലും ചോദിക്കാതെയായിരുന്നു സസ്‌പെൻഷൻ നടപടി.
സസ്‌പെൻഷനു പിന്നാലെ അതിന് അടിസ്ഥാനമാക്കിയ കാരണങ്ങൾ കളവാണെന്നു ചൂണ്ടിക്കാട്ടി വിജയൻ സർക്കാരിനു മറുപടി നൽകി. 2 മാസത്തിനു ശേഷം ചീഫ് സെക്രട്ടറി കെ വേണുവിന്റെ അധ്യക്ഷതയിലുള്ള സമിതി ഐജിയെ തിരിച്ചെടുക്കണമെന്നും വകുപ്പുതല അന്വേഷണം തുടരാമെന്നും ശുപാർശ ചെയ്‌തെങ്കിലും സർക്കാർ അനുകൂല നടപടി സ്വീകരിച്ചിരുന്നില്ല.

