ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം; ഉപാധികളുമായി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

കൊച്ചി: ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഉപാധികൾ മുന്നോട്ടുവെച്ച് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയില്ലാതെ സ്ഥലംമാറ്റവും നിയമനങ്ങളും പാടില്ലെന്ന് സിഎടി സർക്കാരിന് നിർദ്ദേശം നൽകി.

ഐഎഎസ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ ഉത്തരവോടെ സർക്കാരിന് ഇഷ്ടമുള്ള സമയത്ത് ഉദ്യോഗസ്ഥരെ മാറ്റുന്നതിൽ തടസ്സമുണ്ടാവും. അതേസമയം, ഐഎഎസ് അസോസിയേഷന്റെ ഹർജിയെ സർക്കാർ ശക്തമായി എതിർത്തിരുന്നു. അസോസിയേഷൻ എന്ന നിലയിലാണ് ഹർജിയെന്നും സ്ഥലമാറ്റത്തിൽ ഉൾപ്പെട്ട ആരും അത് ചോദ്യം ചെയ്തിട്ടില്ലെന്നുമായിരുന്നു സർക്കാർ വിശദമാക്കിയത്.