തൃശ്ശൂർ: തൃശ്ശൂർ ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ ‘നെഗറ്റീവ് എനർജി’ പുറന്തള്ളാൻ പ്രാർഥന നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. വനിതാ ശിശുവികസന വകുപ്പിനു കീഴിൽ സിവിൽ സ്റ്റേഷനിലുള്ള ശിശു സംരക്ഷണ ഓഫീസിലാണ് പ്രാർഥന നടത്തിയത്. ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സബ് കളക്ടർക്കാണ് അന്വേഷണ ചുമതല.
ഓഫീസ് സമയം വൈകീട്ട് 4.30-ഓടെയാണ് ഓഫീസിലെ ജീവനക്കാരോട് പ്രാർഥന നടക്കുന്നതായും പങ്കെടുക്കണമെന്നും ശിശുസംരക്ഷണ ഓഫീസർ ആവശ്യപ്പെട്ടത്. ഇതേ ഓഫീസിലുള്ള ചൈൽഡ്‌ലൈൻ പ്രവർത്തകർക്കും യോഗത്തിൽ പങ്കെടുക്കേണ്ടി വന്നിരുന്നു. ളോഹയും ബൈബിളുമായെത്തി പ്രാർഥനയ്ക്ക് നേതൃത്വം നൽകിയത് ഇവരിലൊരാളാണ്.
അതേസമയം, സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രിയും ഉത്തരവിട്ടു. ആരോപണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് നിർദ്ദേശിച്ചു.
തൃശൂർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ശിശു സംരക്ഷണ ഓഫീസിലാണ് നെഗറ്റീവ് എനർജി ഒഴിപ്പിക്കാൻ പ്രാർഥന നടത്തിയത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം നടന്നത്. ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നിർദ്ദേശപ്രകാരമായിരുന്നു പ്രാർത്ഥന നടത്തിയത്. ഓഫീസ് സമയം തീരും മുമ്പായിരുന്നു ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ നെഗറ്റീവ് എനർജി ഒഴിപ്പിക്കാൻ പ്രാർത്ഥന നടന്നത്.

