കോഴിക്കോട്: സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്ലിം ലീഗിനെ കുറിച്ച് പരോക്ഷ പരാമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങളെ ക്ഷണിച്ചാൽ വരാമെന്ന് ഒരു കൂട്ടർ പറഞ്ഞെന്നും ക്ഷണിച്ചെങ്കിലും അവർ വന്നില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം ലീഗിനെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
മനുഷ്യത്വത്തിനു വേണ്ടിയുള്ള നിലവിളി തങ്ങളിൽ നിന്ന് മാത്രമേ ഉണ്ടാകാവൂ എന്ന നിർബന്ധമൊന്നും സിപിഎമ്മിനില്ല. ആ നിലവിളികൾക്ക് രാഷ്ട്രീയമായ വേർതിരിവുകളില്ല. ഈ മനോഭാവത്തോടെയാണ് റാലിയിലേക്കുള്ള ക്ഷണം തങ്ങൾ നടത്തിയത്. സിപിഎമ്മിന്റെ നേതൃത്വത്തിലാണ് ഈ റാലി നടക്കുന്നതെങ്കിലും സിപിഎമ്മുകാർ മാത്രമല്ല ഇതിൽ പങ്കെടുക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരുകൂട്ടർ പറഞ്ഞു, തങ്ങളെ കൂടി ക്ഷണിച്ചാൽ ഞങ്ങളും വരുമെന്ന്. സമൂഹം ചിലപ്പൊ ചോദിക്കും, നിങ്ങളെന്താ അവരെ ക്ഷണിക്കാഞ്ഞതെന്ന്. ആ ചോദ്യം വേണ്ടാ എന്നുള്ളതുകൊണ്ട് അവർക്കുനേരെയും ക്ഷണം നീട്ടി. തങ്ങൾക്കറിയാമായിരുന്നു എന്താ സംഭവിക്കുകയെന്ന്. അതുതന്നെ സംഭവിച്ചു. അതിൽ പരിഭവമൊന്നും പറയുകയല്ലെന്നും എന്താ ഉണ്ടായതെന്ന് സൂചിപ്പിച്ചെന്ന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

