കോഴിക്കോട്: ജനങ്ങളും സർക്കാരും സഹകരണ മേഖലയെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയെ തൊട്ടുകളിക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കാലിക്കറ്റ് ടൗൺ സർവീസ് സഹകരണബാങ്ക് രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ സഹകരണ മേഖലയുടെ സംരക്ഷണത്തിനായി സംസ്ഥാനത്ത് മാറി മാറി അധികാരത്തിൽ വന്ന സർക്കാരുകൾ ഒപ്പംനിന്നു. സഹകരണ മേഖലയ്ക്കെതിരെയുള്ള പ്രവർത്തനങ്ങൾ ഏറ്റവും കൂടുതൽ നടന്നത് കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലിരുന്ന കാലത്താണ്. എന്നാൽ കേന്ദ്രം അന്ന് അത്തരമൊരു സമീപനമെടുത്തപ്പോഴും ഇവിടുത്തെ യുഡിഎഫ് സർക്കാർ അതിനൊപ്പം നിന്നില്ല. സഹകരണ മേഖലയുടെ സംരക്ഷണത്തിന് കക്ഷി രാഷ്ട്രീയ വ്യത്യാസമുണ്ടായിരുന്നില്ല. ഇതാണ് കേരളത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പലരീതിയിലുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ സഹകരണമേഖല്ക്കെതിരെ വളർന്നുവരികയാണ്. സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പദം ഉപയോഗിക്കരുതെന്ന് നേരത്തെയുള്ള കാര്യമാണ്. എന്നാൽ കേരളത്തിലെ ബാങ്കിങ് രംഗം ജനകീയമാക്കിയത് സഹകരണ മേഖലയാണ്. ഗ്രാമങ്ങൾതോറും സഹകരണസംഘങ്ങളുണ്ട്. ഇപ്പോൾ കാണുന്ന വാണിജ്യബാങ്കുകളുടെ ഗ്രാമീണ ശാഖകളുടെ അടിസ്ഥാനം സഹകരണ മേഖലയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

