തിരുവനന്തപുരം: ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന സർക്കാർ. അന്തരീക്ഷ മലിനീകരണം കുറഞ്ഞ ‘ഹരിത പടക്കങ്ങൾ’ മാത്രമേ ആഘോഷങ്ങളിൽ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.
പടക്കംപൊട്ടിക്കുന്ന സമയത്തിനും നിയന്ത്രണമേർപ്പെടുത്തിയതായി ഉത്തരവിൽ വ്യക്തമാക്കുന്നു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാത്രി എട്ട് മണി മുതൽ 10 മണി വരെ മാത്രമേ പടക്കംപൊട്ടിക്കാൻ പാടുള്ളൂവെന്നാണ് ഉത്തരവിലുള്ളത്. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് രാത്രി 11:55 മുതൽ 12:30 വരെ പടക്കം പൊട്ടിക്കാം. അതേസമയം, ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുമ്പോഴുണ്ടാകുന്ന അന്തരീക്ഷമലിനീകരണം കുറയ്ക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടപടികൾ സ്വീകരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
ഉത്തരവിൽ പറയുന്ന നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ജില്ലാ കളക്ടർമാരും ജില്ലാ പോലീസ് മേധാവിയും ഉറപ്പാക്കണമെന്നാണ് നിർദ്ദേശം.

