ഓസീസിനെതിരെ പുതിയ ക്യാപ്റ്റൻ

ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക് തുടരുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയക്ക് എതിരായ ട്വന്‍റി 20 പരമ്പരയില്‍ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെയും ഇന്ത്യന്‍ ക്യാപ്റ്റനായി പരിഗണിച്ചേക്കും എന്ന് സൂചന. നവംബര്‍ 22ന് ഓസീസിനെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയില്‍ ടീം ഇന്ത്യ അഞ്ച് മത്സരങ്ങളാണ് കളിക്കുക. ഓസ്ട്രേലിയക്ക് എതിരായ അഞ്ച് ട്വന്‍റി 20കളുടെ പരമ്പരയാണ് ടീം ഇന്ത്യക്ക് ലോകകപ്പ് കഴിഞ്ഞയുടന്‍ വരാനിരിക്കുന്നത്. ലോകകപ്പിനിടെയേറ്റ പരിക്ക് ഭേദമായില്ലെങ്കില്‍ പാണ്ഡ്യക്ക് ഓസീസിനെതിരായ മത്സരങ്ങള്‍ നഷ്‌ടമാകും.

ഈ സാഹചര്യത്തിലാണ് വിരാട് കോലി, രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുമ്ര തുടങ്ങിയ സീനിയര്‍ താരങ്ങളില്ലാത്ത സ്‌ക്വാഡിനെ നയിക്കാന്‍ സൂര്യകുമാര്‍ യാദവിനെയും പരിഗണിക്കുന്നത്. റുതുരാജ് ഗെയ്‌ക്‌വാദാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള മറ്റൊരു താരം. ബിസിസിഐ സെലക്‌ടര്‍മാര്‍ ലോകകപ്പ് സെമിക്ക് ശേഷം ഓസീസ് പരമ്പരയ്‌ക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന.തിലക് വര്‍മ്മ, റിങ്കു സിംഗ്, അര്‍ഷ്‌ദീപ് സിംഗ്, രവി ബിഷ്‌ണോയി, യശസ്വി ജയ്‌സ്വാള്‍ എന്നീ യുവതാരങ്ങള്‍ ടീമിലെത്താന്‍ മത്സരിക്കുന്നു. അക്‌സര്‍ പട്ടേല്‍ ടീമിലേക്ക് മടങ്ങിയെത്തും എന്നാണ് കരുതുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെത്തുമോ എന്നത് വലിയ ആകാംക്ഷയാണ്.