കേരളം സംരംഭകർക്ക് ചെകുത്താന്റെ സ്വന്തം നരകം; വിമർശനവുമായി ശശി തരൂർ

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണമുള്ള കേരളം സംരംഭകർക്ക് ‘ചെകുത്താന്റെ സ്വന്തം നരക’മാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കർഷകർ ആത്മഹത്യ ചെയ്യുന്നുണ്ടെന്നും എന്നാൽ സംരംഭകർ ആത്മഹത്യ ചെയ്യുന്ന ഏക സംസ്ഥാനം കേരളമാണെന്നും തരൂർ വ്യക്തമാക്കി. കൊച്ചിയിൽ നടക്കുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) വാർഷിക കോൺഫറൻസിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മൂന്ന് സംരംഭകരാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്തത്. പണം മുടക്കി സംരംഭം ആരംഭിച്ച അവർക്ക് അത് സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതിരുന്നതിനാലാണ് ആത്മഹത്യ ചെയ്തത്. വരിഞ്ഞുമുറുക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും, ഉദ്യോഗസ്ഥമേധാവിത്വം, അമിതമായ രാഷ്ട്രീയവത്കരണം, ഹർത്താലുകൾ തുടങ്ങിയവയെല്ലാമാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമങ്ങൾ പുനഃപരിശോധിച്ചാൽ തന്നെ 90 ശതമാനം പ്രശ്നങ്ങൾക്കും പരിഹാരമാകും. മൂന്ന് ദിവസം മതി സിങ്കപ്പൂരിൽ ഒരു സംരംഭം തുടങ്ങാൻ. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയിലിത് 114 ദിവസമാണ്. എന്നാൽ, കേരളത്തിൽ ഒരു സംരംഭം ആരംഭിക്കണമെങ്കിൽ 236 ദിവസമാണ് വേണ്ടതെന്നും ഇത് നീതീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.