ഖാർഗെ റിമോട്ട് കൺട്രോൾ പോലെയാണ് പ്രവർത്തിക്കുന്നത്; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഗാർഗക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഖാർഗെ റിമോട്ട് കൺട്രോൾ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിൽ സംഘടിപ്പിച്ച ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പഞ്ചപാണ്ഡവന്മാരാണ് ബിജെപിയെ നിയന്ത്രിക്കുന്നതെന്ന ഖാർഗെയുടെ പരാമർശത്തെ സ്വാഗതം ചെയ്യുന്നു. റിമോട്ട് പ്രവർത്തിക്കുമ്പോൾ ഖാർഗേ സനാതന ധർമ്മത്തെ അപമാനിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

സഖാക്കളെ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കുന്ന പരിപാടി കോൺഗ്രസ് ഇതുവരെ നിർത്തിയിട്ടില്ല. മുൻപ് മുൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനെ നിയന്ത്രിച്ചിരുന്നു. ഇപ്പോൾ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനെ നിയന്ത്രിക്കുന്നു. റിമോട്ട് പ്രവർത്തിക്കാതിരിക്കുമ്പോൾ പഞ്ചപാണ്ഡവന്മാരാണ് ബിജെപിയെ നിയന്ത്രിക്കുന്നത് എന്നതുപോലെയുള്ള പരാമർശങ്ങൾ നടത്തും. പഞ്ചപാണ്ഡവന്മാർ തെളിച്ച വഴിയിലൂടെ നടക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.