താമരശ്ശേരി ചുരം; ഹെയർപിൻ വളവുകൾ വീതികൂട്ടും

താമരശ്ശേരി: വയനാട് ചുരത്തിലെ 6, 7, 8 ഹെയർപിൻ വളവുകൾ പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി വീതികൂട്ടി നവീകരിക്കാനൊരുങ്ങി ദേശീയപാതാ വിഭാഗം. 50 കോടി രൂപയുടെ പദ്ധതി ഇതിനായി ദേശീയപാത വിഭാഗം തയാറാക്കിയിട്ടുണ്ട്. മൂന്നു വളവുകളും അടിഭാഗത്ത് 30 മീറ്റർ ഉയരത്തിൽ പാർശ്വഭിത്തി നിർമിച്ചാണു നവീകരിക്കുന്നത്.

നിർമ്മാണ പ്രവർത്തനങ്ങൾ തുടർനടപടി സർക്കാരിന്റെ ഭരണാനുമതി ലഭിക്കുന്ന മുറയ്ക്കു സ്വീകരിക്കും. ചുരത്തിലെ വളവുകൾ വീതി കൂട്ടുന്നതിന് 2018ൽ 0.92 ഹെക്ടർ വനഭൂമി വിട്ടുകിട്ടിയെങ്കിലും 3, 5 വളവുകൾ മാത്രമാണ് നവീകരിച്ചത്. ദേശീയപാതയിൽ പുതുപ്പാടി മുത്തങ്ങ റീച്ചിലെ നവീകരണ പ്രവൃത്തിയിൽ ഉൾപ്പെടുത്തി ഈ വളവുകൾ വികസിപ്പിക്കാനാണ് ദേശീയപാതാ വിഭാഗം നടപടി എടുത്തിരുന്നത്.

ഈ പ്രവൃത്തിക്ക് കാലതാമസം വരുമെന്നതു കണക്കിലെടുത്താണ് 6,7,8 വളവുകൾ പ്രത്യേക ഫണ്ട് വകയിരുത്തി നവീകരിക്കാൻ തീരുമാനിച്ചത്. ദേശീയപാത തിരുവനന്തപുരം റീജനൽ ഓഫീസിൽ ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ചുരത്തിലെ വളവുകളിൽ പൂട്ടുകട്ടകൾ പാകുന്നതിനാൽ, ഓരോ വർഷകാലത്തും വളവുകളിൽ പാത തകർന്നു ഗർത്തങ്ങളായി മാറുന്നത് ഒഴിവാകും. ആദ്യം പൂട്ടുകട്ട പാകിയ 9-ാം വളവിൽ 3 പതിറ്റാണ്ട് കഴിഞ്ഞിട്ടും കാര്യമായ അറ്റകുറ്റപ്പണി വേണ്ടിവന്നിട്ടില്ല. തുടർന്നാണ് 2, 3, 4 വളകളും പൂട്ടുകട്ട പാകി നവീകരിച്ചത്. 6, 7, 8 വളവുകൾ കൂടി നവീകരിക്കുന്നതോടെ ചുരത്തിൽ ഭാരവാഹനങ്ങൾ കുടുങ്ങുന്നതു മൂലമുള്ള ഗതാഗതതടസ്സം ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്ന് കണക്കാക്കപ്പെടുന്നു.