വേമ്പനാട്ട് കായൽ ചുരുങ്ങുന്നത് ഈ ജില്ലകളിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു; പഠനം

തൃശൂർ: ഇന്ത്യയിലെ രണ്ടാമത്തെ വലിയ തണ്ണീർത്തടമായ വേമ്പനാട്ട് കായൽ ചുരുങ്ങുന്നത് എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 90 ലക്ഷം ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി കണ്ടെത്തൽ. ഫിഷറീസ് സർവകലാശാലാ (കുഫോസ്) പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

33 വർഷം മുമ്പ് ഉണ്ടായിരുന്നതിൽ നിന്ന് ജലസംഭരണ ശേഷി 85.3 ശതമാനം കുറഞ്ഞിട്ടുണ്ട്. 43.5 ശതമാനം വിസ്തൃതിയും കുറഞ്ഞിട്ടുണ്ട്. മദ്ധ്യകായലിൽ 37.74 ശതമാനം ഭാഗത്ത് ആഴം വെറും രണ്ട് മീറ്ററിൽ താഴെയാണ്. എക്കൽ അടിയുന്നതാണ് ഇതിന് പ്രധാന കാരണം. ജലസംഭരണ ശേഷി കുറഞ്ഞതോടെ വെള്ളക്കെട്ടും മിന്നൽപ്രളയവും ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

കക്കൂസ് മാലിന്യമുൾപ്പെടെ തള്ളുന്നതിനാൽ രോഗങ്ങളും ബാധിക്കുന്നുണ്ട്. മത്സ്യസമ്പത്ത് കുറഞ്ഞതിനാൽ അതിനെ ആശ്രയിക്കുന്നവർ പ്രതിസന്ധിയിലായി. കളസസ്യങ്ങൾ മൂലം ഹൗസ് ബോട്ട് ഓടിക്കാനും പ്രയാസമുണ്ട്. ജൈവവൈവിദ്ധ്യവും ഭീഷണിയിലാണെന്ന് പഠനം ചൂണ്ടിക്കാട്ടി. 19.59 ശതമാനവും സമുദ്രനിരപ്പിന് താഴെയുള്ള കുട്ടനാടിനെയാണ് ഗുരുതരമായി ബാധിച്ചതെന്നും പഠനത്തിൽ പറയുന്നു.