തിരുവനന്തപുരം: പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ആര്യാടൻ ഷൗക്കത്തിനെ ക്ഷണിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പലസ്തീൻ അനുകൂല ഐക്യദാർഢ്യ പ്രകടനം നടത്തിയ ആര്യാടൻ ഷൗക്കത്തിനും കോൺഗ്രസ് നോട്ടീസ് കൊടുത്തു. അത്തരത്തിൽ ചിന്തിക്കുന്ന കോൺഗ്രസുകാരേയും ക്ഷണിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
നവംബർ 11 ന് കോഴിക്കോട് സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ സദസിൽ മുസ്ലിം ലീഗ് പങ്കെടുക്കാത്തത് സാങ്കേതിക കാരണങ്ങളാലാണ് എന്നാണ് ലീഗ് നേതൃത്വം പറയുന്നത്. എന്നാൽ പരിപാടിക്ക് ലീഗിന്റെ പിന്തുണയുണ്ട്. ലീഗിന്റെ സാങ്കേതിക പ്രശ്നം കോൺഗ്രസ് വിലക്കാണ്. ഇ ടി മുഹമ്മദ് ബഷീർ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞത് അതുകൊണ്ടാണ്. പലസ്തീൻ വിഷയത്തിലുള്ള നിലപാടിന് അന്നും ഇന്നും നാളെയും സിപിഎമ്മിന് വ്യത്യാസമില്ല. ഇക്കാര്യത്തിൽ സിപിഐ എം നിലപാട് ശക്തമായി തുടരും. ഏക സിവിൽ കോഡ് വിഷയത്തിലും സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അത് ഹിന്ദുത്വ അജണ്ടയാണെന്ന് മനസ്സിലാക്കി പ്രതിരോധിക്കുന്നതിനാണ് നേതൃത്വം നൽകിയത്. വംശഹത്യയെ പ്രതിരോധിക്കാൻ വർഗീയ ശക്തികൾ ഒഴികെയുള്ളവരുമായി സഹകരിക്കും. സിപിഐഎമ്മിന് ലീഗിനെ ക്ഷണിക്കുന്നതിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്നാൽ വി ഡി സതീശനായിരുന്നു ഇക്കാര്യത്തിൽ ബേജാറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാർത്താ സമ്മേളനത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് എം വി ഗോവിന്ദൻ നടത്തിയത്. പാർട്ടി മുൻകൈയ്യിലാണ് കോഴിക്കോട് പരിപാടി നടക്കുക. പലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ടു നിൽക്കുന്ന വ്യക്തികളേയും പ്രസ്ഥാനങ്ങളേയും അണി ചേർക്കും. മുസ്ലീം ലീഗിനെ ഉൾപ്പെടെ പങ്കെടുപ്പിക്കാനുള്ള നിലപാടാണ് സ്വീകരിച്ചത്. ഇത് ഒറ്റപ്പെട്ട നിലപാടല്ല. ഏക സിവിൽ കോഡ് വിഷയത്തിലും ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

