പലസ്തീൻ ഐക്യദാർഢ്യ റാലി; സിപിഎം ലീഗിനെ ക്ഷണിച്ചതിൽ സന്തോഷമുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഎം ലീഗിനെ ക്ഷണിച്ചതിൽ സന്തോഷമുണ്ടെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിലെ കക്ഷി എന്ന നിലയിൽ സാങ്കേതികമായി റാലിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

റാലി നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ലീഗിന് പലസ്തീൻ വിഷയത്തിൽ വ്യക്തമായ നിലപാടുണ്ട്. കേന്ദ്ര സർക്കാർ പലസ്തീൻ വിഷയത്തിൽ മുൻ കോൺഗ്രസ് സർക്കാരുകളെടുത്ത നിലപാടിലേക്ക് മടങ്ങിവരണം. കൂട്ടക്കുരുതി അവസാനിപ്പിക്കാൻ രാജ്യം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ കളശ്ശേരി വിഷയത്തിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി നിന്നില്ലേ. അതുപോലെ പലസ്തീൻ വിഷയത്തിലും ഇങ്ങനെ ഒരു നിലപാട് സർക്കാരിന് ആലോചിക്കാവുന്നതെ ഉള്ളൂ. സിപിഎം ക്ഷണം വന്നിട്ടുണ്ട്. ക്ഷണിച്ചതിൽ നന്ദിയുണ്ട്. പരിപാടി നന്നായി നടത്തട്ടെ. അതിൽ മതസംഘടനകളൊക്കെ പങ്കെടുക്കുന്നുണ്ട്. എല്ലാവരും കൂടുതൽ ശക്തിയും പിന്തുണയും സംഭരിച്ചുകൊണ്ട് പലസ്തീനൊപ്പം നിൽക്കുന്നതിൽ തങ്ങൾക്കും സന്തോഷമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഡിഎഫിലെ ഒരു കക്ഷി എന്ന നിലയിൽ സാങ്കേതികമായി തങ്ങൾക്ക് ആ പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ല. ക്ഷണത്തിൽ നന്ദിയുണ്ട്. ഇത്തരമൊരു പരിപാടി നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ചെറുതും വലുതുമായ എല്ലാ പാർട്ടികളും പലസ്തീൻകാർക്ക് പിന്തുണ നൽകണം. ഇ ടി പറഞ്ഞതും ആ അർഥത്തിലാണെന്നും എല്ലാ വിഷയങ്ങളിലും രാഷ്ട്രീയം കലർത്തണ്ട കാര്യമില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.