കൊച്ചി: ജയിലിൽ പ്രതികളെ ഉദ്യോഗസ്ഥർ മർദിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. അധികൃതരുടെ കായികബലം കാണിക്കാനുള്ള സ്ഥലമല്ല ജയിലുകളെന്ന് കോടതി പറഞ്ഞു.
വ്യത്യസ്ത സ്വഭാവത്തിലുള്ള പ്രതികളെ ക്ഷമയോടെ നേരിടണമെന്ന നിർദ്ദേശവും ഹൈക്കോടതി മുന്നോട്ടുവെച്ചു. വിയ്യൂർ ജയിലിൽ ഉദ്യോഗസ്ഥർ മർദിച്ചെന്ന പ്രതികളുടെ ഹർജി പരിഗണിക്കവെയായിരുന്നു കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
ഡെപ്യൂട്ടി സൂപ്രണ്ട് വിനീതിന്റെ നേതൃത്വത്തിലുള്ള സംഘം മർദിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി സമർപ്പിച്ചത്. സംഭവത്തിൽ എഡിജിപിക്ക് അന്വേഷണത്തിനും നിർദേശം നൽകിയിരുന്നു. സ്വയം നവീകരിക്കാനാണ് പ്രതികളെ ജയിലുകളിൽ അയക്കുന്നതെന്ന് ഉദ്യോഗസ്ഥർ ഓർക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

