ന്യൂഡൽഹി: കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഇന്ത്യയുടെ ഭക്ഷ്യസംസ്‌കരണ മേഖല 50,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശനിക്ഷേപം നേടിയെടുത്തതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന രണ്ടാമത് ‘വേൾഡ് ഫുഡ് ഇന്ത്യ’യിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സർക്കാറിന്റെ വ്യവസായ – കാർഷിക അനുകൂല നയങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സംസ്‌കൃത ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയിൽ 150 ശതമാനം വർധനവാണുണ്ടായത്. ഇതിനനുസൃതമായി ആഭ്യന്തര സംസ്‌കരണശേഷിയിലും ഗണ്യമായ വർധനവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘വേൾഡ് ഫുഡ് ഇന്ത്യ’യുടെ ഭാഗമായി ഒരു ലക്ഷത്തോളം സ്വയം സഹായ സംഘങ്ങൾക്കുള്ള മൂലധന സഹായത്തിന്റെ വിതരണവും, ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.
അതേസമയം, മോദി സർക്കാർ രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്നും ഭക്ഷ്യസംസ്‌കരണ മേഖലയുടെ ഉയർച്ചയ്ക്കാവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും കേന്ദ്രമന്ത്രി പിയുഷ് ഗോയൽ വ്യക്തമാക്കി.

