കൊച്ചി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി രാജീവ്. സിപിഎം പലസ്തീൻ ഐക്യദാർഢ്യ സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്ന് മുസ്ലീം ലീഗിനെ പിന്തിരിപ്പിക്കാൻ കോൺഗ്രസ് മോശം പ്രതികരണങ്ങൾ നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് മോശമായ പ്രതികരണങ്ങളാണ് കോൺഗ്രസ് നേതാക്കളിൽ നിന്നുണ്ടായത്. കോൺഗ്രസിന്റെ സമ്മർദത്തിന് വഴങ്ങിയാണോ സെമിനാറിൽ നിന്ന് പിന്മാറിയതെന്ന് വ്യക്തമാക്കേണ്ടത് ലീഗ് നേതൃത്വമാണെന്നും അദ്ദേഹം വിശദമാക്കി.
പൊതുവിഷയങ്ങളിൽ ഒരുമിച്ച് നിൽക്കണമെന്ന ലീഗിന്റെ തോന്നൽ സ്വാഗതാർഹമാണെന്നും പി രാജീവ് കൂട്ടിച്ചേർത്തു. സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ മന്ത്രി പി രാജീവ് പ്രതികരണം നടത്തിയിരിക്കുന്നത്.

