തിരുവനന്തപുരം: കേരള ഹൈക്കോടതിയിലെ യൂണിവേഴ്‌സിറ്റി അഭിഭാഷകൻ (സ്റ്റാൻഡിങ് കോൺസൽ) ലക്ഷങ്ങൾ കൈപ്പറ്റിയതായി വെളിപ്പെടുത്തി ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. നിയമസഭയിൽ അൻവർ സാദത്ത് എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ.
യൂണിവേഴ്‌സിറ്റിയുടെ അഭിഭാഷകൻ എൽവിൻ പീറ്റർ 92ലക്ഷം രൂപയോളം 2022 ഡിസംബർ വരെ മൂന്ന് വർഷം കേസുകൾ നടത്തിയ വകയിൽ (91,89,156) കൈപ്പറ്റിയതായാണ് നിയമസഭരേഖ വ്യക്തമാക്കുന്നത്. 2015 മുതൽ നാല് വർഷം യൂണിവേഴ്‌സിറ്റി കോൺസൽ ആയിരുന്ന കൃഷ്ണമൂർത്തി കൈപ്പറ്റിയത് 14ലക്ഷത്തോളം (13,64,702) രൂപയാണ്. ഡിസംബർ 22 വരെ 127 കേസുകൾക്കുള്ള ഫീസായാണ് നിലവിലെ അഭിഭാഷകൻ 92 ലക്ഷം കൈപ്പറ്റിയത്. എന്നാൽ മുൻ അഭിഭാഷകൻ 98 കേസുകൾക്ക് ഫീസായി 14 ലക്ഷം രൂപയാണ് കൈപ്പറ്റിയത്.
കേരള സർവകലാശാല സ്റ്റാൻഡിങ് കൗൺസലിന് കേസ് ഒന്നിന് 3500 രൂപയും വാദം കേട്ട് മാറ്റിവെയ്ക്കുന്ന കേസിന് 250 രൂപയും നൽകുമ്പോൾ, സാങ്കേതിക സർവകലാശാല യഥാക്രമം ചെലവ് കൂടാതെ 5000 രൂപയും മാറ്റിവെയ്ക്കുന്ന കേസിന് 4000 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.

