ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ സുപ്രീം കോടതിയെ സമീപിച്ച് കേരള സർക്കാർ. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണറുടെ തീരുമാനം വൈകുന്നതിനെതിരെ സർക്കാർ റിട്ട് ഹർജി ഫയൽ ചെയ്തു. സ്റ്റാന്റിങ് കോൺസൽ സി.കെ ശശിയാണ് റിട്ട് ഹർജി സമർപ്പിച്ചത്.
ഗവർണർ സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നുവെന്ന് റിട്ട് ഹർജിയിൽ പറയുന്നു. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നു.

