കേരള ചരിത്രത്തിലെ ഏറ്റവും മികച്ച ഉദ്ഘാടനച്ചടങ്ങാണ് കേരളീയത്തിന്റേത്; വി ശിവൻകുട്ടി

തിരുവനന്തപുരം: കേരള ചരിത്രത്തിലെ ഏറ്റവും മികച്ച ഉദ്ഘാടനച്ചടങ്ങാണ് കേരളീയത്തിന്റേതെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ മന്ത്രി വി ശിവൻകുട്ടി. കേരളീയത്തിന്റെ ജനപങ്കാളിത്തം പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്താക്കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരള ചരിത്രത്തെ രേഖപ്പെടുത്തുന്നതും വർത്തമാനകാല കേരളത്തെ വിശദീകരിക്കുന്നതും ഭാവി കേരളത്തെ ചൂണ്ടിക്കാണിക്കുന്നതുമായ നിരവധി പരിപാടികൾ കേരളീയത്തോട് അനുബന്ധിച്ച് നടത്തുന്നുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിനിമാതാരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കവടിയാർ മുതൽ കിഴക്കേകോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. സെമിനാറുകൾ, ഫിലിം ഫെസ്റ്റ്, പ്രദർശനങ്ങൾ, കലാപരിപാടികൾ, ഫുഡ് ഫെസ്റ്റ്, ഫ്‌ളവർഷോ, ട്രേഡ് ഫെയർ, ബി-ടു-ബി മീറ്റുകൾ, ദീപാലങ്കാരം എന്നിവ കേരളീയത്തിന്റെ മാറ്റ് കൂട്ടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

കേരളീയത്തിലേക്ക് വലിയ ജനപ്രവാഹം ഉണ്ടാകുമെന്ന് ബി.ജെ.പിയും കോൺഗ്രസും ഭയക്കുന്നു. കേരളീയം ഉദ്ഘാടനവേദിയിലേക്ക് ബിജെപി നടത്തിയ മാർച്ച് അത് കുറയ്ക്കുക എന്ന ലക്ഷ്യം വെച്ചാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയുടെ ഈ ആഗ്രഹം ഒരിക്കലും അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.