ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി ആംആദ്മി. ‘ഇന്ത്യ’ പ്രതിപക്ഷ സഖ്യത്തിന്റെ നേതാക്കളെ ലക്ഷ്യമിട്ട് ബിജെപി രാഷ്ട്രീയവേട്ട നടത്തുകയാണെന്ന് ആംആദ്മി നേതാവ് അതീഷി പറഞ്ഞു. മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ചോദ്യംചെയ്യലിനു ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ആംആദ്മി നേതാവ് രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാനാകില്ലെന്ന് അറിയാവുന്നതിനാൽ കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനാണ് നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. കെജ്രിവാളിനെ അറസ്റ്റ് ചെയ്തുകഴിഞ്ഞാൽ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മറ്റു പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും നേതാക്കളെയും ലക്ഷ്യമിടും. ഝാർഖണ്ഡിൽ തോൽപ്പിക്കാനാകാത്തതിനാൽ അടുത്ത ലക്ഷ്യം ജെ.എം.എം. നേതാവും അവിടെ മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറനാകും. ബിഹാറിൽ മഹാസഖ്യം പൊളിക്കാനാകാത്തതിനാൽ തേജസ്വി യാദവിനെ ഉന്നമിടും. കേരള മുഖ്യമന്ത്രി പിണറായി വിജയനെയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും ലക്ഷ്യമാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിയെയും വിമർശിക്കുന്നതിനാൽ തങ്ങളുടെ നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കി ജയിലിലടക്കുകയാണ്. പാർട്ടിയെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

