തിരുവനന്തപുരം: സാഹോദര്യവും സ്നേഹവും പ്രസരിപ്പിക്കുന്ന കേരളത്തിന്റെ സംസ്‌കാരത്തെ ആഘോഷിക്കേണ്ടതുണ്ടെന്നും അതിനുള്ള അവസരമാണു കേരളീയം ഓരോ മലയാളിക്കും ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജാതീയതയുടേയും ജന്മിത്തത്തിന്റെയും നുകങ്ങളിൽ നിന്നു മോചിപ്പിച്ച് മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും വിളനിലമായി കേരളത്തെ നാം എങ്ങനെ മാറ്റിയെടുത്തുവെന്നു ലോകം അറിയണം. മതവർഗീയതയ്ക്ക് ഈ നാട്ടിലിടമില്ല എന്ന് അടിവരയിട്ടു പറയേണ്ടതുണ്ട്. ‘കേരളീയം 2023’ എന്ന മലയാളികളുടെ മഹോത്സവം കേരളത്തിന്റെ തനിമയെന്തെന്ന് ലോകത്തിനു മുന്നിൽ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുള്ള അവസരമാണ്. ഏറ്റവും മികച്ച രീതിയിൽ അതേറ്റെടുത്ത് വിജയിപ്പിക്കാൻ ഏവരോടും അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളീയം 2023ന്റെ ഉദ്ഘാടനം നവംബർ ഒന്നിന് രാവിലെ 10നു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. ഉദ്ഘാടന ചടങ്ങിൽ യു.എ.ഇ, ദക്ഷിണ കൊറിയ, നോർവേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, ചലച്ചിത്ര താരങ്ങളായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ, വ്യവസായ പ്രമുഖരായ എം.എ. യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എം.വി.പിള്ള എന്നിവരുൾപ്പെടെ വലിയൊരു നിര പങ്കെടുക്കും.
കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. കേരളീയത്തിന്റെ സുപ്രധാന ഘടകമായ സെമിനാറുകൾ നവംബർ രണ്ടു മുതൽ ആറു വരെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം ആറു മുതൽ കലാപരിപാടികൾ അരങ്ങേറും. എക്‌സിബിഷൻ, ട്രേഡ് ഫെയർ, ഭക്ഷ്യമേളകൾ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ ഉണ്ടാകും.
അതേസമയം, കേരളീയം പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം സിറ്റി പോലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു. 40 വേദികൾ ഉൾപ്പെടുന്ന മേഖലകളെ നാലു സോണുകളായി തിരിച്ച് ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥർ, 250 ലേറെ വനിതാ പോലീസ് ഉദ്യോഗസ്ഥർ, 400 ലധികം സ്‌പെഷ്യൽ പോലീസ് ഓഫീസർമാർ എന്നിവരെ ഡ്യൂട്ടിക്കായി നിയോഗിച്ചു.
പ്രധാനവേദികളിൽ ആരോഗ്യവകുപ്പിന്റെയും, ഫയർ ഫോഴ്‌സിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഫയർഫോഴ്‌സ് യൂണിറ്റിന്റെയും, ആംബുലൻസിന്റെയും സേവനം വിവിധ ഭാഗങ്ങളിൽ ഉറപ്പു വരുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരക്കേറിയ സ്ഥലങ്ങളിൽ പോലീസിന്റെയും സിറ്റി ഷാഡോ ടീമിൻറെയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. തിരക്ക് അനുഭവപ്പെടാൻ സാധ്യതയുളള റോഡുകൾ/ഇടറോഡുകൾ ഉൾപ്പെടെയുളള സ്ഥലങ്ങളിൽ നിശ്ചിത ഇടവേളകളിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ നീരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് സുരക്ഷാ സംവിധാനം ശക്തമാക്കി. കനകക്കുന്നിലും, പുത്തരിക്കണ്ടത്തും രണ്ടു സ്‌പെഷ്യൽ പോലീസ് കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. 10 എയ്ഡ് പോസ്റ്റ്/സബ് കൺട്രോൾ റൂം കേരളീയം വേദി കേന്ദ്രീകരിച്ചുകൊണ്ട് തയ്യാറാക്കിയിട്ടുണ്ട്.
കേരളീയം 2023ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. കവടിയാർ മുതൽ കിഴക്കേകോട്ട വരെയുളള പ്രധാന വീഥി റെഡ്‌സോണായും, അതിലേക്ക് ചേരുന്ന മറ്റു റോഡുകളെ ഓറഞ്ച്‌സോണായും, മറ്റു ഭാഗങ്ങളെ ഗ്രീൻസോണായും തരം തിരിച്ചിട്ടുണ്ട്. കവടിയാർ മുതൽ കിഴക്കേകോട്ടവരെയുളള റെഡ് സോണിൽ വൈകിട്ട് ആറു മുതൽ രാത്രി 11 വരെ വാഹന ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. നിർദ്ദിഷ്ട പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെയുളള പാർക്കിംഗ് അനുവദിക്കില്ല.
പൊതുജനങ്ങൾക്ക് സുഗമമായി വിവിധ വേദികൾ സന്ദർശിക്കുന്നതിന് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നതാണ്. റെഡ് സോണുകളിൽ മറ്റു വാഹനങ്ങൾ നിരോധിക്കുന്നതിനും പകരം കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ ഇലക്ട്രിക് ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. നിശ്ചിത പാർക്കിംങ് ഏരിയകളിൽ നിന്നും നിലവിലെ സർവ്വീസുകൾക്കു പുറമെ റെഡ് സോണുമായി ബന്ധിപ്പിക്കുന്നതിന് കെ.എസ്.ആർ.ടി.സി കൂടുതൽ സർവ്വീസുകൾ ആവശ്യാനുസരണം 10 രൂപാ നിരക്കിൽ നടത്തും.

