കണ്ണൂർ: കണ്ണൂരിൽ ആകാശത്തേക്ക് വെടിയുതിർത്ത് മാവോയിസ്റ്റുകൾ. കേളകത്തെ രാമച്ചിയിലാണ് സംഭവം. ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ കാട്ടിലൂടെ മൂന്നു വാച്ചർമാർ നടന്നുപോകുന്നതിനിടെയാണ് ഇവർ ആയുധധാരികളായ മാവോയിസ്റ്റുകളുടെ മുന്നിൽപെട്ടത്.
മൂന്നു വാച്ചർമാരെ കണ്ടതോടെ മാവോയിസ്റ്റുകൾ ആകാശത്തേക്ക് പലതവണയായി വെടിയുതിർക്കുകയായിരുന്നു. ഇതോടെ മൂന്നു വാച്ചർമാരും സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
അഞ്ചംഗ സായുധസംഘമാണ് വനത്തിലുണ്ടായിരുന്നതെന്നാണ് വാച്ചർമാർ വ്യക്തമാക്കിയത്. മാവോയിസ്റ്റുകൾ ആകാശത്തേക്ക് ആറു റണ്ട് വെടിയുതിർത്തു. വയനാട് കമ്പമലയിൽ ആക്രമണം നടത്തിയ മാവോയിസ്റ്റ് സംഘം തന്നെയാണ് രാമച്ചിയിലെത്തിയതെന്നാണ് വിലയിരുത്തൽ. രാമച്ചിയിൽ പതിവായി മാവോയിസ്റ്റുകൾ എത്താറുണ്ട്. ഡിഎഫ്ഒ ഉൾപ്പെടെയുള്ള ഉന്നത വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസും തണ്ടർബോൾട്ടും സ്ഥലത്തെത്തിയിട്ടുണ്ട്.

