കളമശ്ശേരി സ്ഫോടന കേസ്; ഡൊമിനിക് മാർട്ടിനെതിരെ യുഎപിഎ ചുമത്തി

കൊച്ചി: കളമശ്ശേരി സ്ഫോടന കേസിൽ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയ പ്രതി ഡൊമിനിക് മാർട്ടിനെതിരെ യുഎപിഎ ചുമത്തി. കേസുമായി ബന്ധപ്പെട്ട എഫ്‌ഐആർ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. കളമശേരി പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 2421/23 ആയി രജിസ്റ്റർ ചെയ്ത കേസിൽ ഐപിസി സെക്ഷൻ 302, 307, എക്സ്പ്ലോസീവ് ആക്ട് 3എ, യുഎപിഎ 16(1)എ എന്നീ വകുപ്പുകളും ഇയാൾക്ക് മേൽ ചുമത്തിയിട്ടുണ്ട്.

കളമശ്ശേരിയിൽ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ ഞായറാഴ്ച്ച രാവിലെയാണ് സ്ഫോടനം ഉണ്ടായത്. സംഫോടനത്തിൽ ഒരാൾ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവ സ്ഥലത്ത് ബാഗുമായി ഒരാൾ കറങ്ങി നടക്കുന്നത് കണ്ടുവെന്ന് സ്ഫോടനത്തിൽ പരിക്കേറ്റ ചിലർ മൊഴി നൽകിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, കൺവെൻഷൻ സെന്ററിൽ ബോംബുവച്ചെന്ന് അവകാശപ്പെട്ടാണ് ഡൊമിനിക് മാർട്ടിൻ എന്നയാൾ തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. താനും യഹോവ സാക്ഷി വിശ്വാസിയാണെന്നാണ് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് പുറത്തുവിട്ട വീഡിയോയിൽ മാർട്ടിൻ പറയുന്നത്

താൻ പതിനാറ് വർഷമായി ഇതേ സഭയിലെ വിശ്വാസിയാണ്. യഹോവ സാക്ഷികൾ രാജ്യദ്രോഹപരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് വർഷങ്ങൾക്കുമുമ്പ് ബോദ്ധ്യപ്പെട്ടതാണ്. തിരുത്തണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും അത് ഉണ്ടായില്ല. ഇതിനെതിരെ തന്നെപ്പോലുള്ളവർ പ്രതികരിക്കുമെന്നായിരുന്നു ഇയാൾ വീഡിയോയിൽ വ്യക്തമാക്കിയിരുന്നത്. മാർട്ടിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.