രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) പക്കലുള്ള കോവിഡ് ഡാറ്റ ചോർന്നതായി റിപ്പോർട്ട്. കോവിഡ് ടെസ്റ്റ് നടത്തിയ 81.5 കോടി ഇന്ത്യക്കാരുടെ വിശദാംശങ്ങൾ വിൽപനയ്ക്കെത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്‌.ഡാർക്ക് വെബിലാണ് വിവരങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഐസിഎംആർ പരാതി നൽകിയാൽ, ഈ വിഷയം സിബിഐ അന്വേഷിക്കാനും സാധ്യതയുണ്ട്. അമേരിക്കൻ സൈബർ സെക്യൂരിറ്റി ആൻഡ് ഇന്റലിജൻസ് ഏജൻസിയാണ് ആദ്യം ഈ ഡാറ്റാ ലീക്ക് കണ്ടെത്തിയത്.പേര്, ഫോൺ നമ്പറുകൾ, വിലാസങ്ങൾ എന്നിവയ്‌ക്കൊപ്പം, രാജ്യത്തെ പൗരൻമാരുടെ ആധാർ, പാസ്‌പോർട്ട് വിവരങ്ങളും ലീക്ക് ആയിട്ടുണ്ട്.

പൗരന്മാരുടെ കോവിഡ് -19 ടെസ്റ്റ് വിശദാംശങ്ങളിൽ നിന്നാണ് ഇത്തരം വിവരങ്ങൾ ശേഖരിച്ചതെന്ന് ‘ത്രഡ് ആക്ടർ’ എന്ന എക്സ് ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിൽ പറയുന്നു. നിലവിൽ അനേകം സൈബർ ആക്രമണങ്ങൾ നേരിടുന്ന മേഖലയാണ് ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്. സർവറുകളെ ഹാക്ക് ചെയ്യാൻ 6000 ത്തോളം ശ്രമങ്ങൾ നടന്നിട്ടുണ്ട്.ഏതെങ്കിലും തരത്തിലുള്ള ഡാറ്റാ ലീക്ക് ഒഴിവാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ അന്വേഷണ ഏജൻസികൾ ഐസിഎംആറിനെ അറിയിച്ചിരുന്നതായും ചില വൃത്തങ്ങൾ അറിയിച്ചു.

ഡാർക്ക് വെബിൽ വിൽപനക്കെത്തിയ ഡാറ്റയും ഐസിഎംആറിന്റെ പക്കലുള്ള ഡാറ്റയും ഒന്നു തന്നെയാണെന്ന് പരിശോധിച്ചുറപ്പിച്ചതായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT) ഐസിഎംആറിനെ അറിയിച്ചു. കോവിഡ് -19 ടെസ്റ്റ് ഡാറ്റ സംബന്ധിച്ച ചില വിവരങ്ങൾ നാഷണൽ ഇൻഫൊർമാറ്റിക്‌സ് സെന്റർ, ഐസിഎംആർ, ആരോഗ്യ മന്ത്രാലയം എന്നിവരുടെ പക്കലുണ്ട്. അതിനാൽ ചോർച്ചയുടെ പ്രഭവകേന്ദ്രം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു