തിരുവനന്തപുരം: കർഷകർക്ക് സമയത്ത് പണം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി പി പ്രസാദ്. സഹകരണ സംഘങ്ങളെ സംഭരണം ഏൽപ്പിക്കാൻ സംസ്ഥാന സർക്കാർ ഉണ്ടാക്കിയ ധാരണയിൽ അന്തിമ തീരുമാനം ആകുന്നതേ ഉള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സമയത്ത് പണം ലഭ്യമാക്കുകയെന്ന ഒറ്റ ലക്ഷ്യത്തിൽ ഊന്നിയാണ് ചർച്ചകൾ നടക്കുന്നതെന്നും ഉപസമിതി തീരുമാനം ഉടനുണ്ടാകുമെന്നും കൃഷി മന്ത്രി വിശദമാക്കി. കേന്ദ്ര നയമാണ് പ്രതിസന്ധി ഉണ്ടാക്കുന്നതെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചത്.
7.31 മെട്രിക് ടൺ നെല്ലാണ് 2022- 23 സീസണിൽ സപ്ലെയ്‌കോ എടുത്തത്. 2018 മുതലുളള കേന്ദ്രം വിഹിതം കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്നാണ് കേരളത്തിന്റെ കണക്ക്. സപ്ലെയ്‌കോ സംഭരിക്കുന്ന നെല്ല് മില്ലുകൾ കുത്തി അരിയാക്കി റേഷൻ കടവഴി വിതരണത്തിന് എത്തിച്ച് വിനിയോഗ സർട്ടിഫിക്കറ്റ് നൽകുമ്പോഴാണ് കേന്ദ്രം തുക ലഭ്യമാക്കുന്നത്. കോടികൾ കുടിശിക വന്നതോടെയാണ് സംഭരണമാകെ താളം തെറ്റിയതെന്നും പിആർഎസ് വായ്പ കർഷകർക്ക് ബാധ്യതയുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കാനുമാണ് സഹകരണ സംഘങ്ങളുമായി ധാരണയെന്നും സർക്കാർ വൃത്തങ്ങൾ വിശദമാക്കുന്നു.

