തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് 27 കാരി മരിച്ചു. പുളിമാത്ത് സ്വദേശിനിയാണ് മരിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്ത മൂന്നാമത്തെ ഡെങ്കിപ്പനി മരണമാണിത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വള്ളക്കടവ് സ്വദേശിയായ ആറ് വയസുകാരിയുടെ മരണവും ഡെങ്കിപ്പനി കാരണമാണെന്ന് സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് ഡെങ്കി പനി പടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മഴ ഇടവിട്ട് പെയ്യുന്നതിനാൽ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഡ്രൈ ഡേ ആചരണത്തിൽ ശ്രദ്ധ ചെലുത്തണം. വെള്ളം കെട്ടിനിന്ന് ഈഡിസ് കൊതുക് പെരുകാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് ഡെങ്കിപ്പനി പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം . ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.
വീട്ടിനകത്തും പുറത്തും കൊതുക് മുട്ടയിട്ട് പെരുകാൻ ഉള്ള സാഹചര്യങ്ങൾ നിരവധിയാണ്. ഫ്രിഡ്ജിന്റെ പുറകിലെ ട്രെ, ചെടിച്ചട്ടിയുടെ അടിയിൽ വച്ചിരിക്കുന്ന പാത്രങ്ങൾ, വെള്ളത്തിൽ വളർത്തുന്ന അലങ്കാര ചെടി പാത്രങ്ങൾ , ഉപയോഗിക്കാത്ത ക്ലോസറ്റ് എന്നിവിടങ്ങളിൽ കൊതുകിന്റെ കൂത്താടികൾ വളരുന്നില്ല എന്ന് ഉറപ്പാക്കുക. വീടിന്റെ പുറത്ത് ഉപയോഗശൂന്യമായ പാത്രം, ചിരട്ട, കുപ്പി ,ടയർ , ആട്ടുകല്ല്, ഉരൽ ,ക്ലോസറ്റുകൾ , വാഷ്‌ബേസിനുകൾ തുടങ്ങിയവ അലക്ഷ്യമായി ഇടാതെ വെള്ളം വീഴാത്ത വിധത്തിൽ സൂക്ഷിക്കുക. ടെറസ്, സൺഷേഡ്, റൂഫിന്റെ പാത്തി , മഴ മറയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കാതെ സൂക്ഷിക്കുക. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും, ടാങ്കുകളും കൊതുകുകൾ കടക്കാത്ത വിധം മൂടി സൂക്ഷിക്കുക. തോട്ടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യമില്ലെന്ന് ഉടമകൾ ഉറപ്പാക്കുക.
കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക, ശരീരം മൂടുന്ന വിധത്തിൽഇളം നിറത്തിലുള്ളവസ്ത്രങ്ങൾ ധരിക്കുക, ജനൽ, വാതിൽ എന്നിവിടങ്ങളിലൂടെ കൊതുക് കടക്കാതെ കൊതുക് വല ഘടിപ്പിക്കുക , പകൽ ഉറങ്ങുമ്പോഴും കൊതുകുവല ഉപയോഗിക്കുക തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.

