ടെൽ അവീവ്: സിറിയയിൽ വ്യോമാക്രമണം നടത്തി അമേരിക്ക. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു യുഎസ് വ്യോമാക്രമണം നടത്തിയത്. സിറിയൻ പട്ടണമായ അബു കലാമിന് സമീപത്തായിട്ടായിരുന്നു ആക്രമണം. പശ്ചിമേഷ്യയിൽ അമേരിക്കൻ സൈന്യത്തിന് നേരെ ഡ്രോൺ – റോക്കറ്റ് ആക്രമണങ്ങൾ ഉണ്ടായതിനെ തുടർന്നാണ് വ്യോമാക്രമണം നടത്തിയതെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കിയത്.
ഇസ്രായേൽ – ഹമാസ് യുദ്ധം 21-ാം ദിവസത്തിലേക്ക് കടക്കുന്നതിന് പിന്നാലെയാണ് സിറിയയിൽ ആക്രമണം ഉണ്ടായിരിക്കുന്നത്. 7000ൽ അധികം പേരാണ് പാലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ നിലവിലെ കണക്കുകൾ പ്രകാരം ഗാസയിൽ യുദ്ധത്തിനിടെ മരിച്ചത്. അതേസമയം, സംഘർഷത്തിൽ ഹിസ്ബുളള കൂടുതൽ ഇടപെടണമെന്ന ആവശ്യവുമായി ഹമാസ് രംഗത്തെത്തിയിട്ടുണ്ട്.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ താവളങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. സ്വയംപ്രതിരോധത്തിൽ ഊന്നിയതാണ് ആക്രമണമെന്നായിരുന്നു യുഎസ് അറിയിച്ചത്.